നീലേശ്വരം: സിൽവർലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്കെതിരെ നീലേശ്വരം പള്ളിക്കരയിൽ നാട്ടുകാരുടെ പ്രതിഷേധം. നിലവിലുള്ള റെയിൽ പാളത്തിൽനിന്ന് അമ്പതു മീറ്റർ ദൂരെ അതിവേഗ പാളത്തിനായി കല്ലിടാൻ എത്തിയപ്പോഴാണ് സ്ത്രീകളടക്കമുള്ള നാട്ടുകാർ എതിർപ്പുമായി എത്തിയത്.
കെ. റെയിൽ വിരുദ്ധ കർമസമിതി രൂപവത്കരിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ചൊവ്വാഴ്ച ഉച്ചക്ക് കെ. റെയിൽ എൻജിനീയർമാരായ എം.ജി. അരുൺ, പി. ശ്യാമ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയപ്പോഴാണ് നാട്ടുകാർ തടഞ്ഞത്.
നേരത്തേയുള്ള അലൈന്‍മെൻറിന് വിരുദ്ധമായാണ് കല്ലിടുന്നത് എന്നാരോപിച്ചാണ് നാട്ടുകാർ എതിർപ്പുമായി രംഗത്ത് എത്തിയത്. ഇപ്പോള്‍ കല്ലിടുന്നതനുസരിച്ച് സ്ഥലം ഏറ്റെടുത്താല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിക്കര സെൻറ് ആന്‍സ് യു.പി സ്കൂള്‍ ഇല്ലാതാവും. ചൊവ്വാഴ്ച രാവിലെ 9.30ന് പളളിക്കര സ്കൂളിനടുത്ത് കരാറുകാരനും തൊഴിലാളികളും കല്ലിട്ടിരുന്നു. സംഭവമറിഞ്ഞ് സ്കൂൾ അധികൃതരും നാട്ടുകാരും എതിർപ്പുമായി രംഗത്തു വന്നു.
ഉച്ചയോടെ കെ.റെയിൽ ഉദ്യോഗസ്ഥ സംഘം പള്ളിക്കരയിൽ എത്തിയപ്പോഴാണ് കല്ലിടുന്നതിനെതിരെ പ്രതിഷേധം ശക്തമായത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം കൂടുതൽ ശക്തമായി. മുൻകൂട്ടി അറിയിക്കാതെയാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ, ഇതു മുൻകൂട്ടി അറിയിക്കേണ്ട ആവശ്യമില്ലെന്നും അതിർത്തി നിർണയിക്കുക മാത്രമാണെന്നും സ്ഥലം അളന്ന് എടുക്കുമ്പോൾ മാത്രമേ മുൻകൂട്ടി അറിയിക്കേണ്ടതുള്ളൂ എന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
പള്ളിക്കരയിൽ റെയിൽ പാളത്തിന് കിഴക്കു വശത്തുള്ള നൂറ് കണക്കിന് വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ സ്കൂൾ എന്നിവ പൂർണമായും നഷ്ടപ്പെടും. പഴയ അലൈൻമെൻറിൽ കെ.റെയിൽ നിർമിച്ചാൽ നഷ്ടങ്ങളുടെ കണക്ക് ചുരുങ്ങും. എന്നാൽ, ഇതിനിടയിൽ അലയ്മെൻ്റിൽ മാറ്റം വരുത്തിയതിനാൽ പള്ളിക്കരയിലെ നൂറു കണക്കിന് കുടുംബങ്ങൾ വീട് ഒഴിയേണ്ട അവസ്ഥയിലാണ്.
നീലേശ്വരം: സിൽവർ ലൈൻ പദ്ധതിക്കായി അതിർത്തി കല്ലിടാൻ നീലേശ്വരം പള്ളിക്കരയിൽ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞതിൽ പരിസ്ഥിതി പ്രവർത്തകർക്കെതിരെയും നാട്ടുകാർ ഉൾപ്പെടെയുള്ള അഞ്ചുപേർക്കെതിരെയും നീലേശ്വരം പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് കേസ് എടുത്തത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ജാമ്യത്തിൽ വിട്ടയച്ചു.
പരിസ്ഥിതി സമിതി ജില്ല സെക്രട്ടറി അഡ്വ. കെ.വി. രാജേന്ദ്രൻ, സെക്രട്ടറി വി.കെ. വിനയൻ, ജില്ല കമ്മിറ്റി അംഗം കൃഷ്ണൻ പുല്ലൂർ, കെ റെയിൽ വിരുദ്ധ കർമസമിതി പ്രവർത്തകരായ പി.വി. മോഹനൻ, കലാധരൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കെ റെയിൽ പദ്ധതിയുമായി അധികൃതർ മുന്നോട്ടുപോയാൽ ശക്തമായ പ്രക്ഷോഭത്തിന് തുടക്കംകുറിക്കുമെന്നും നൂറുകണക്കിന് കുടുംബങ്ങളുടെ വീടുകൾ നഷ്ടപ്പെടുത്തി ഇവരെ വഴിയാധാരമാക്കാനുള്ള സർക്കാറിെൻറ തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നും നാട്ടുകാർ പറഞ്ഞു.
1933ലാണ് സ്കൂൾ സ്ഥാപിതമായത്. കെ റെയിലുമായി സംസ്ഥാന സർക്കാർ അതിവേഗം മുന്നാട്ടുപോകുമ്പോൾ കുട്ടികളുടെ ഭാവിയോർത്ത് രക്ഷിതാക്കളും ആശങ്കയിലാണ്. മാനേജ്മെൻറും പി.ടി.എയും എത്രയുംപെട്ടെന്ന് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങൾ നഷ്ടപ്പെടാതെ കെ റെയിൽ അലൈൻമെൻറിൽ മാറ്റംവരുത്താൻ കലക്ടർ മുതൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതങ്ങളിൽ പരാതി നൽകുമെന്ന് സ്കൂൾ പ്രധാനാധ്യാപിക ഡെയ്സി ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.