വെള്ളരിക്കുണ്ട്: കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന മഴയിൽ ബളാൽ കോട്ടക്കുന്നിൽ ഉരുൾപൊട്ടി. ശനിയാഴ്ച ഉച്ച രണ്ടുമണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. വലിയ പാറകളും മണ്ണും ജനവാസ കേന്ദ്രത്തിലേക്ക് ഒലിച്ചിറങ്ങി. സമീപത്തെ തൊട്ടിയിൽ വിനോദ്, താഴത്ത് വീട്ടിൽ ശങ്കരൻ, വണ്ണാത്ത് വീട്ടിൽ അമ്പു എന്നിവരുടെ വീടിന് സമീപം വഴിയാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ഈ മൂന്നു വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. വീടിനു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ചെളിയിൽപൂണ്ടു.രാജപുരം -ബളാൽ റോഡിൽ വലിയ പാറക്കഷണങ്ങളും ചളിയും വന്നടിഞ്ഞതുകാരണം ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. മലവെള്ളപ്പാച്ചിലിൽ സമീപ തോടുകളും പുഴകളും നിറഞ്ഞുകവിഞ്ഞു. നിരവധി മരങ്ങൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡൻറ് എം. രാധാമണി, വൈസ് പ്രസിഡൻറ് രാജു കട്ടക്കയം, മെംബർമാരായ മാധവൻ നായർ, സാബു ഇടശ്ശേരി, റവന്യൂ അധികൃതർ എന്നിവർ സന്ദർശിച്ചു. ബളാൽ പഞ്ചായത്തിൽപെട്ട കൊന്നക്കാട് നമ്പ്യാർ മലയിൽ വെള്ളിയാഴ്ച ഉരുൾപൊട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.