ആലുവ: ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ ചാലക്കൽ ദാറുസ്സലാം സ്കൂളിന് സമീപം തനിക്കും രണ്ട് അനുജന്മാർക്കും വയർ നിറക്കാൻ മത്സ്യക്കച്ചവടം നടത്തുകയാണ് അഫ്സർ എന്ന പതിനഞ്ചുകാരൻ. ജീവിതത്തിെൻറ മാത്രമല്ല, ക്രിക്കറ്റിെൻറയും പിച്ചിൽ അടിയുറച്ച് നിൽക്കാനുള്ള പെടാപ്പാടിൽകൂടിയാണ് ഈ കൗമാരപ്രതിഭ. അഫ്സർ ജില്ല ടീം അംഗമാണ്.
തീരെ ചെറുപ്പത്തിൽ കേരളത്തിൽ എത്തിയ അഫ്സർ ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂൾ, മുടിക്കൽ അൽ മുബാറക് യു.പി സ്കൂൾ എന്നിവിടങ്ങളിലെ പഠനശേഷം ഇപ്പോൾ മാറമ്പള്ളി നുസ്റത്തുൽ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങളായ ദിൽഷാദും സമീറും ഇതേ സ്കൂളിലെ വിദ്യാർഥികളാണ്. ക്രിക്കറ്റ് ഇഷ്ടമായ അഫ്സർ കളി കാണാൻ സ്ഥിരമായി ആലുവ സെൻറ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ എത്താറുണ്ടായിരുന്നു. ക്രിക്കറ്റിനോടുള്ള പ്രണയം പിന്നീട് ആലുവ ഗ്ലോബ് സ്റ്റാർ ക്ലബിെൻറ ഭാഗമാക്കി മാറ്റിയതായി അഫ്സറിെൻറ കോച്ചും ബി.സി.സി.ഐ സ്കോററുമായ ആലുവ ദേശം സ്വദേശി അച്യുതൻ പറഞ്ഞു.
ലോക്ഡൗൺ സമയത്ത് പിതാവും നാല് സഹോദരങ്ങളും നാട്ടിലേക്ക് പോയെങ്കിലും കോച്ചിെൻറ നിർദേശം മാനിച്ച് അഫ്സർ ഇവിടെ തുടർന്നു. ചാലക്കലിൽ വാടകക്ക് താമസിക്കുകയാണ് അഫ്സറും സഹോദരങ്ങളും. പിതാവ് നാട്ടിലേക്ക് പോയതോടെ ഏറെ ബുദ്ധിമുട്ടിലായ തങ്ങളെ സഹായിച്ചത് അച്യുതൻ സാറും സുഹൃത്തുക്കളുമാണ്. ഗ്ലോബ് സ്റ്റാർ ക്ലബിെൻറ സഹായത്താലാണ് മീൻകച്ചവടം തുടങ്ങിയത്. എല്ലാ ദിവസവും പുലർച്ച 5.30 മുതൽ 7.30 വരെ സെൻറ് മേരീസ് സ്കൂൾ മൈതാനത്ത് വ്യായാമവും പരിശീലനവും നടത്തും. ഇതിനുശേഷമാണ് കച്ചവടം ആരംഭിക്കുന്നത്. ഉച്ചയോടെ കച്ചവടം അവസാനിപ്പിച്ച് താമസ സ്ഥലത്തേക്ക് പോകും. തുടർന്ന് വൈകീട്ട് 3.30 മുതൽ 5.30 വരെ പരിശീലനം. ആറ് മണിയോടെ മീൻ തട്ടിലെത്തുന്ന അഫ്സർ എട്ടുവരെ കച്ചവടം തുടരും. സഹോദരങ്ങളായ ദിൽഷാദും സമീറും സഹായത്തിന് കൂടെയുണ്ട്. പഠനത്തെക്കുറിച്ച് ചോദിച്ചപ്പോൾ പിതാവ് ഉണ്ടായിരുന്ന സമയത്ത് ശ്രദ്ധിച്ച അത്രയും ഇപ്പാൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ലെന്നാണ് അഫ്സറിെൻറ മറുപടി. സഹോദരനായ മുഹമ്മദ് ദിൽഷാദും ക്രിക്കറ്റ് പരിശീലനം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.