പ്രളയത്തിൽ നശിച്ച വസ്ത്രവ്യാപാരശാലയുടെ രേഖകൾ നൽകാത്തതിനെതിരെ പരാതി

ആലുവ: പ്രളയത്തിൽ നശിച്ച വസ്ത്രവ്യാപാരശാലയുടെ രേഖകൾ നൽകാത്തതിനെതിരെ പരാതി നൽകി. ആലുവ സീമാസ് വെഡിങ് സെൻറർ ഉടമ കുഞ്ഞുമുഹമ്മദാണ് നഗരസഭ ഉദ്യോഗസ്‌ഥർക്കെതിരേ മന്ത്രി എ.സി. മൊയ്തീന് പരാതി നൽകിയത്. ഇതേ തുടർന്ന് തദ്ദേശസ്വയംഭരണവകുപ്പ് അന്വേഷണം ആരംഭിച്ചു.

2018 ലെ പ്രളയത്തിൽ നശിച്ച വസ്ത്രവ്യാപാരശാലയുടെ രേഖകൾക്കായി രണ്ട് വർഷമായി നഗരസഭയിൽ കയറിയിറങ്ങി മടുത്ത പെരുമ്പാവൂർ കാരോത്തുകുഴി കുഞ്ഞുമുഹമ്മദ് കഴിഞ്ഞ ദിവസം നഗരസഭയിലെത്തി പ്രതിഷേധിച്ചിരുന്നു. എന്നാൽ, ജോലിയിൽ തടസ്സമുണ്ടാക്കിയെന്ന ജീവനക്കാരുടെ പരാതിയിൽ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. പ്രളയത്തിൽ ആലുവ സീമാസിൽ വെള്ളം കയറി കടയുടെ രേഖകളെല്ലാം നശിച്ചിരുന്നു.

ശരിപ്പകർപ്പുകൾ ലഭിക്കുന്നതിനായി 2018 സെപ്റ്റംബർ 28 ന് വിവിധ ഓഫിസുകളിൽ അപേക്ഷ കൊടുത്തു. സെയിൽസ് ടാക്‌സ്, ഇൻകം ടാക്‌സ്, ഫയർ ഫോഴ്സ്, ലേബർ വകുപ്പ് തുടങ്ങിയ ഓഫിസുകളിൽനിന്ന് രേഖകളുടെ പകർപ്പുകൾ ലഭിച്ചെങ്കിലും ഇതോടൊപ്പം ആലുവ നഗരസഭയിൽ സമർപ്പിച്ച അപേക്ഷയിൽ രണ്ടര വർഷമായിട്ടും നടപടിയെടുത്തില്ല.

വാക്കുതർക്കമുണ്ടായതോടെ നഗരസഭ ജീവനക്കാർ കഴിഞ്ഞ ദിവസം അദ്ദേഹത്തെ അധിക്ഷേപിച്ച് ഉന്തിത്തള്ളി ഓഫിസി​െൻറ പുറത്തെത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിൽ പരാതി കൊടുത്തത്. ഉദ്യോഗസ്‌ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും നല്‍കാത്തതിനെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ വൈകിച്ചതെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു. ഇത് സംബന്ധിച്ച് നഗരസഭ ചെയര്‍മാന് നേരത്തേ പരാതി നല്‍കിയിരുന്നു.

അതിന് പ്രതികാര നടപടിയെന്നോണം കടയുടെ വലിയ ഹോർഡിങുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് നടപടിയെത്തുവെന്നും അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് രേഖകൾ നഷ്​ടപ്പെട്ടവർക്ക് പ്രത്യേക ഫീസ് ഈടാക്കാതെ ഉടൻ നൽകണമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ ആവർത്തിച്ച് നിർദേശിച്ചിരുന്നു. 

സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിർദേശം നല്‍കിയതായി ചെയർമാൻ

ആലുവ: പ്രളയത്തിൽ നഷ്​ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകൾ വേഗത്തില്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയാതായി നഗരസഭ ചെയർമാൻ എം.ഒ. ജോണ്‍ പറഞ്ഞു. സാങ്കേതിക കാരണം കൊണ്ടാണ് നല്‍കാന്‍ വൈകിയത്. പുതിയ ഭരണ സമിതി അധികാരത്തിലെത്തിയപ്പോള്‍ തന്നെ സീമാസി​െൻറ അപേക്ഷയില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബുധനാഴ്ച എല്ലാ സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് അറിയിച്ചിരുന്നു. അതിന് മുമ്പായി നഗരസഭയിലെത്തി സര്‍ട്ടിഫിക്കറ്റ് ചോദിച്ചതോടെ തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.