ആലുവ: രണ്ടാം കോവിഡ് പ്രതിരോധത്തിൽ ഇടതുപക്ഷം ഭരിക്കുന്ന എടത്തല പഞ്ചായത്തിൽ സാമ്പത്തിക ക്രമക്കേടെന്ന് യു.ഡി.എഫ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദേശപ്രകാരം പഞ്ചായത്ത് ആരംഭിച്ച ഡി.സി.സിയുടെ മറവിൽ 16 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായി ധനകാര്യ കമ്മിറ്റിയിൽ ആക്ഷേപമുയർന്നത് ഗുരുതരമാണെന്ന് യു.ഡി.എഫ് എടത്തല പഞ്ചായത്ത് നേതൃയോഗം കുറ്റപ്പെടുത്തി.
ഡി.സി.സിയുടെ പ്രവർത്തനങ്ങൾക്ക് 15 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. കൂടാതെ ലക്ഷകണക്കിന് രൂപ സ്വകാര്യ സ്‌ഥാപനങ്ങൾ, വ്യവസായികൾ, വ്യാപാരികൾ തുടങ്ങി അനേകം മാർഗങ്ങളിലൂടെ സംഭാവനയായും പഞ്ചായത്തിന് ലഭിച്ചിരുന്നു. വസ്ത്രങ്ങളും, ഭക്ഷ്യധാന്യങ്ങളും, ഉപകരണങ്ങളും കിട്ടിയിരുന്നു. എന്നാൽ, 16 ലക്ഷം രൂപയുടെ അധിക ചിലവ് അനുവദിക്കണമെന്ന് ധനകാര്യ കമ്മിറ്റിയിൽ ചുമതലക്കാരായ അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് കള്ളങ്ങൾ പുറത്ത് വന്നതെന്നാണ് സൂചന. സംഭാവനകൾ ഉൾപ്പടെയുള്ള കണക്കുകൾ പഞ്ചായത്തിൽ ഇല്ലെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
അസുഖ ബാധിതനായതിനെ തുടർന്ന് ധനകാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ എത്താതിരുന്നതുമൂലം പൂർണ്ണ ധനകാര്യ കമ്മിറ്റി ഈ കാലയളവിൽ യോഗം ചേരാതിരുന്നത് തട്ടിപ്പ് നടത്തിയവർക്ക് കാര്യങ്ങൾ എളുപ്പമാക്കി. പഞ്ചായത്തിലെ കണക്ക് കാണാതെ പോയെങ്കിലും കണക്ക് വിട്ട് 16 ലക്ഷത്തോളം അധിക രൂപയാണ് ചുമതലക്കാരായ ചിലർ കൈപ്പറ്റിയിരിക്കുന്നത്. ഭരണകക്ഷിയിൽ തന്നെ ഇതിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണെന്ന് യു.ഡി.എഫ് യോഗം ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.