കളമശ്ശേരി: വാടകക്ക് നൽകാത്ത വീട്ട് നമ്പറിൽ വരെ വ്യാജരേഖ ചമച്ച് ചേർത്ത 30 ഓളം വോട്ടുകൾ ഏലൂരിൽ ഉദ്യോഗസ്ഥർ വെട്ടി. ഒക്ടോബർ 27 മുതൽ 31 വരെ കാലയളവിൽ ചേർത്ത 136 വോട്ടുകളിൽ 30 വോട്ടർമാരുടെ പേരുകളാണ് നഗരസഭ ഉദ്യോഗസ്ഥർ ഒഴിവാക്കിയത്.
ഹോട്ടലുകളിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാനക്കാരുടെ പേരിൽ വരെ വ്യാജ രേഖ ചമച്ച് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
നഗരസഭ 26ാം വാർഡിൽ മഞ്ഞുമ്മൽ ചാത്തൻ കാലവീട്ടിൽ പി.പി. ഭാസ്കരൻ പിള്ളയുടെ വീട്ടിൽ വാടകക്ക് കൊടുത്തവരെ തിരക്കി ഉദ്യോഗസ്ഥർ പരിശോധനക്കെത്തി. എന്നാൽ, വീട് ആർക്കും വാടകക്ക് നൽകിയിരുന്നില്ല. ഇതിനെതിരെ ഭാസ്കരൻ മുനിസിപ്പൽ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയിരിക്കുകയാണ്.
മുനിസിപ്പൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയതായി ചേർത്ത വോട്ടർമാരുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഇറങ്ങിയപ്പോഴാണ് ഇത്തരത്തിൽ വോട്ടർമാരെ ചേർത്ത വിവരം അറിയാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.