കളമശ്ശേരി: കോവിഡുകാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ഫീസിൽ ഇളവ് ആവശ്യപ്പെട്ട് സ്വകാര്യ സ്കൂളിന് മുന്നിൽ നിൽപ് സമരം നടത്തിവന്ന രക്ഷിതാക്കൾക്കുനേരെ പൊലീസ് അതിക്രമം. ഒരുസ്ത്രീയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. പാരൻറ്സ് കൂട്ടായ്മ ജോയൻറ് സെക്രട്ടറിമാരായ ഷമീന സിദ്ദീഖ്, മുഹമ്മദ് ഷാഫി എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്.
ഇടപ്പള്ളി അൽഅമീൻ സ്കൂളിന് മുന്നിലായിരുന്നു സംഘർഷം. കുട്ടികൾ വീട്ടിലിരുന്ന് പഠിക്കുന്ന സാഹചര്യത്തിൽ സ്കൂൾ ഫീസിൽ 50 ശതമാനം ഇളവ് ആവശ്യപ്പെട്ടാണ് രക്ഷിതാക്കളുടെ കൂട്ടായ്മ കഴിഞ്ഞ 17 ദിവസമായി സ്കൂളിന് മുന്നിൽ നിൽപ് സമരം നടത്തുന്നത്.
എളമക്കര സ്റ്റേഷനിൽനിന്നുള്ള െപാലീസ് സംഘം ഒരുപ്രകോപനവുമില്ലാതെ തങ്ങളിൽ ചിലരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകും മർദിക്കുകയുമായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. ഇത് ചെറുക്കാൻ ശ്രമിച്ചവർക്കുനേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിലാണ് സ്ത്രീ അടക്കം രണ്ടുപേർക്ക് പരിക്കേറ്റത്. എന്നാൽ, സ്കൂൾ അധികൃതർ കോടതിയിൽനിന്നും ഉത്തരവ് വാങ്ങിയതിെൻറ അടിസ്ഥാനത്തിൽ ഗേറ്റിന് മുന്നിൽനിന്ന് സമരക്കാരെ മാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതരായ രക്ഷിതാക്കൾ കൈയേറ്റം ചെയ്തെന്ന് എളമക്കര സി.ഐ. ദീപു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്കൂള്‍ പാരൻറ്സ് കൂട്ടായ്മ പ്രസിഡൻറ് ടി.എ. മുജീബ്റഹ്മാൻ, മുഹമ്മദ് റസൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.