കോതമംഗലം: അമിത വേഗത്തിൽ ബൈക്ക് ഓടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പല്ലാരിമംഗലം ഈട്ടി പാറയിൽ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപിച്ചു. കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സഹോദരങ്ങളായ പല്ലാരിമംഗലം ഈട്ടിപ്പാറ പൊട്ടയിൽ അജിംസിനെയും നാൻസിനെയും ആറുപേർ ചേർന്ന് ചൊവ്വാഴ്ച രാത്രിയിൽ വീട്ടിൽ കയറി മഴുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. സംഭവത്തിൽ പല്ലാരിമംഗലം ഈട്ടിപ്പാറ തട്ടായത് സിയാദിനെ (29)പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു പ്രതിയായ പുല്ലാരിയിൽ റാഷിദ് സംഭവത്തിനിടയിൽ പരിക്കേറ്റതിനാൽ പോത്താനിക്കാട് പൊലീസ് നിരീക്ഷണത്തിൽ കോതമംഗലം ധർമഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കേസിൽ മറ്റ് നാലുപേർ ഒളിവിലാണെന്നും പൊലീസ്.
മഴുവിന് വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നാൻസ് കോലഞ്ചേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വെട്ടേറ്റ നാൻസ് അമിത വേഗത്തിൽ ബൈക്ക് ഓടിച്ചത് പ്രതികൾ ചോദ്യം ചെയ്തിരുന്നതാണ് സംഘർഷത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പോത്താനിക്കാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.