വൈറ്റില: പൊതുജനങ്ങള്‍ക്കായി വൈറ്റിലയില്‍ ഒരു പാര്‍ക്കുണ്ടെങ്കിലും ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാതെ സിനിമ ചിത്രീകരിക്കാൻ നല്കി കെ.എം.ആര്.എല്‍. കോര്പ്പറേഷന് 49 ാം ഡിവിഷനില്‍പ്പെടുന്ന വൈറ്റില-തൃപ്പൂണിത്തുറ റോഡിലെ കുന്നറ പാര്‍ക്കാണ് നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും പൊതുജനങ്ങള്‍ക്കു തുറന്നു നല്‍കാതെ അടച്ചിട്ടിരിക്കുന്നത്. എന്നാല്‍ മനോഹരമായി അലങ്കരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പാര്‍ക്ക് കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിന് വിട്ടു നല്കി. 50,000 രൂപക്കാണ് പാര്‍ക്ക് ഷൂട്ടിങ്ങിന് വിട്ടുനല്‍കിയത്. ഇത് കോര്‍പറേഷനു കിട്ടേണ്ട പണമാണ്.
'പാര്‍ക്ക് നഗരസഭക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കൊടുത്തിരുന്നു. കൗണ്‍സിലില്‍ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും കെ.എം.ആര്.എല്‍ അധികൃതര്‍ നിസംഗത തുടരുകയാണ്. എന്നിട്ടും കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നും തിരിച്ചു കിട്ടുന്നതിന് ആവശ്യമായ നടപടിയെടുക്കുന്നില്ല' - കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ കുന്നറ പാര്‍ക്ക് തുറന്നു കൊടുക്കാത്തതിനെതിരെ 'മാധ്യമം' വാര്‍ത്ത നല്‍കിയിരുന്നു.
മെട്രോ നിര്‍മാണം നടക്കുന്ന വേളയിലാണ് പഴയ പാര്‍ക്ക് പൊളിച്ച് ഒരേക്കറോളം സ്ഥലത്ത് മെട്രോ നിര്‍മാണ സാമഗ്രികള്‍ ഇറക്കി വെക്കാന്‍ നഗരസഭ അനുമതി നല്‍കിയത്. മെട്രോ നിര്‍മാണം പൂര്‍ത്തിയായ മുറക്ക് കുന്നറ പാര്‍ക്കിന്റെ നിര്‍മാണച്ചുമതല കെ.എം.ആര്.എല്ലിനുതന്നെ കൈമാറുകയായിരുന്നു. രണ്ടര കോടി രൂപ ചെലവിലാണ് പാര്‍ക്ക് നവീകരിച്ചത്. എന്നാല്‍ ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള ആധുനിക ഉപകരണങ്ങള്‍, ഓപണ്‍ എയര്‍ സൗണ്ട് സ്റ്റേജ്, അലങ്കാര ലൈറ്റുകള്‍, ഇരിപ്പിടങ്ങള്‍, പൂച്ചെടികള്‍, തണല്‍ വൃക്ഷങ്ങള്‍, ശൗചാലയം തുടങ്ങിവ ഉള്‍പ്പെടുത്തി മനോഹരമായാണ് പാര്‍ക്ക് നവീകരിച്ചിരുന്നത്.
എന്നാല്‍ ഇത് പൂര്‍ത്തിയാക്കിയെങ്കിലും വീണ്ടും നാലു മാസത്തോളം അടഞ്ഞു കിടന്ന ശേഷം വീണ്ടും കൂടുതല്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തി. എന്നാല്‍ പുതിയ ഡിസൈന്‍ പ്രകാരം ഇവന്റ് മാനേജ്മെന്റ് പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നൂതന ഡിസൈനിലുള്ള ഹാള്‍ പണിതതോടെ പാര്‍ക്കിന്റെ വിശാലത നഷ്ടപ്പെട്ടു. കുട്ടികള്‍ക്ക് ഓടിക്കളിക്കാനുള്ള സ്ഥലവും പാര്‍ക്കിന്റെ അകത്തെ സ്ഥലവും കുറയ്ക്കുന്ന രീതിയിലായി. കൊച്ചു കുട്ടികള്‍ക്കായി പണിത ചില്‍ഡ്രന്‍സ് പാര്‍ക്ക് ഇപ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് പ്രോഗ്രാം സംഘടിപ്പിക്കാനുള്ള ഇടമായി മാറി. ഇതിനു പുറമെ കച്ചവടത്തിനായി രണ്ട് ഷെല്‍ട്ടറുകളും പണിതിട്ടുണ്ട്. ഈ സൗകര്യങ്ങളെല്ലാം കെ.എം.ആര്.എല്‍ ഉപയോഗപ്പെടുത്തി വരുമാനമുണ്ടാക്കിയിട്ടും കോര്പറേഷന് അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.