വൈറ്റില: പൊന്നുരുന്നി എല്‍.പി സ്കൂളിലെ എല്‍.കെ.ജി വിഭാഗം ക്ലാസ് മുറിയുടെ സീലിങ് അടര്‍ന്നുവീണു. ഇത് രണ്ടാം തവണയാണ് സീലിങ് വീഴുന്നത്. ക്ലാസ് നടക്കുന്ന സമയത്തല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ബുധനാഴ്ച രാവിലെയെത്തിയ അധ്യാപകരാണ് സംഭവം അറിഞ്ഞത്. 2021ലാണ് എല്‍.കെ.ജി, യു.കെ.ജി വിഭാഗങ്ങള്‍ക്കുള്ള ക്ലാസ് മുറികളില്‍ ഷീറ്റ് മേഞ്ഞ് റൂഫിങ് ചെയ്തത്. എന്നാല്‍, കഴിഞ്ഞ വര്‍ഷവും ഇതേ സീലിങ് താഴേക്ക് പതിച്ചിരുന്നു. അന്ന് കോര്പറേഷൻ നേതൃത്വത്തില്‍ കോണ്ട്രാക്ടര് പൂര്‍വസ്ഥിതിയിലാക്കിയിരുന്നു.
ഇതോടെ എല്‍.കെ.ജിയില്‍ പഠിക്കുന്ന കുട്ടികളെ യു.കെ.ജി വിഭാഗത്തിന്റെ ക്ലാസ് മുറിയില്‍ ഇരുത്തി ക്ലാസെടുക്കേണ്ട അവസ്ഥയാണുള്ളത്. എല്‍.കെ.ജി മുതല്‍ നാലാം ക്ലാസുവരെ 250ലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ എല്‍.കെ.ജി, യു.കെ.ജി വിഭാഗത്തില്‍ ഒരു ക്ലാസില്‍ ഉള്‍ക്കൊള്ളാനാകുന്നതിലുമധികം കുട്ടികളുണ്ട്.
ക്ലാസ് മുറികളുടെ പരിമിതിമൂലം കൂടുതല്‍ പേരെ ഇരുത്തി ക്ലാസ് എടുക്കേണ്ട ഗതികേടിലാണ് അധ്യാപകര്‍. പി.ടി.എയുടെയും അധ്യാപകരുടെയും നിരന്തരമായുള്ള ആവശ്യത്തെ തുടര്‍ന്ന് 2019ല്‍ മുന്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പുതിയ കെട്ടിടത്തിനായി തറക്കല്ലിട്ടിരുന്നു. എന്നാല്‍, തറക്കല്ലിട്ട് പില്ലര്‍ വാര്‍ത്തെങ്കിലും മൂന്നു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം എങ്ങുമെത്തിയില്ല. ഈ സ്ഥലം ഇപ്പോള്‍ കാടുകയറിയ നിലയിലാണ്. കോണ്‍ട്രാക്ടര്‍ക്ക് പണം കിട്ടാത്തതിനാല്‍ ആറുമാസമായി നിര്‍മാണം നിര്‍ത്തിവെച്ചതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
സീലിങ് അടര്‍ന്നുവീണ സംഭവം ഉടൻ കൊച്ചി കോര്പറേഷന് 53 ാം ഡിവിഷന് കൗണ്‍സിലര്‍ ബിന്ദുവിനെ അറിയിച്ചു. തുടര്‍ന്ന് കോര്പറേഷന് എക്സി.എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്കൂളിലെത്തി സ്ഥിതി വിലയിരുത്തി. വെള്ളിയാഴ്ച പ്രശ്നത്തിന് പരിഹാരം കാണാമെന്ന് പറഞ്ഞതായി പ്രധാനാധ്യാപിക എ.ആർ. മീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.