മരട്: പെരുന്നാൾ ദിന തലേന്നും കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കർ ലോറികൾ തടഞ്ഞ് പ്രതിഷേധം. മരട് നഗരസഭ കൗൺസിലർ എ.കെ. അഫ്സൽ, നിനവ് റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് ലോറികൾ തടഞ്ഞ് പ്രതിഷേധിച്ചത്. കുടിവെള്ള വിതരണം താളംതെറ്റിയിട്ട് ഒന്നര മാസമായിട്ടും നടപടിയെടുത്തിട്ടില്ല. നാലു ദിവസമായി തുടർച്ചയായി വെള്ളം ലഭിക്കാതായതോടെയാണ് പ്രതിഷേധവുമായി ഇറങ്ങിയതെന്ന് കൗൺസിലർ അഫ്സൽ പറഞ്ഞു.
മരട്, നെട്ടൂർ പ്രദേശങ്ങളിലേക്ക് കുണ്ടന്നൂരിൽ സ്ഥാപിച്ച സംഭരണിയിൽനിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ, നെട്ടൂരിലേക്ക് വെള്ളം വരുന്ന ലൈൻ ഓഫ് ചെയ്ത് മരടിലേക്ക് മാത്രമായി വെള്ളം കൊടുക്കുന്നുവെന്നും ഇവർ ആരോപിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളിൽ വെള്ളം ശേഖരിക്കുന്നത് നെട്ടൂർ ഐ.എൻ.ടി.യു.സിയിലെ യാർഡിൽനിന്നുമാണ്. എന്നാൽ, ഇതിന് സമീപപ്രദേശങ്ങളിൽ തന്നെയാണ് കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുന്നത്.
ടാങ്കറുകളിൽ ശേഖരിക്കുന്ന വെള്ളം കൊച്ചി കോർപറേഷൻ പരിധികളിലാണ് വിതരണത്തിനായി കൊണ്ടുപോകുന്നത്. എന്നിട്ടും നെട്ടൂരിലെ സമീപ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിയുന്നില്ല.
കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി അസി.എൻജിനീയറെ കണ്ട് പരാതി പറഞ്ഞെങ്കിലും എക്സി.എൻജിനീയർ പറഞ്ഞാൽ പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന്റെ അടിസ്ഥാനത്തിൽ അസി. എൻജിനീയറെ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ലെന്നും നഗരസഭ ചെയർമാനും ഇക്കാര്യത്തിൽ നിസ്സംഗത പുലർത്തുകയാണെന്നും സമരക്കാർ ആരോപിച്ചു. പെരുന്നാൾ ദിവസത്തിലും ഭൂരിഭാഗം വീടുകളിലും കുടിവെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഒന്നിടവിട്ട വെള്ളം വന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ നാലു ദിവസമായിട്ടു വെള്ളം കിട്ടാത്തത്. എത്രയും വേഗം പരിസരവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.