മരട്: കുണ്ടന്നൂരിൽ കൂട് കൃഷിയിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിൽ കർഷകർക്കുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. ചിത്രപ്പുഴയിലും പെരിയാറിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് പിന്നാലെയാണ് മരട് കുണ്ടന്നൂരിന് സമീപം കായലില്‍ കൂട് മത്സ്യക്കൃഷി ചെയ്യുന്നവരുടെ മീനുകൾ കഴിഞ്ഞ ദിവസം മുതൽ ചത്തുപൊങ്ങാൻ തുടങ്ങിയത്. പുഴയിൽ കൂട് മത്സ്യകൃഷി നടത്തുന്നവരുടെയെല്ലാം മത്സ്യങ്ങളും ചത്തുപോയെന്ന് കർഷകർ പറഞ്ഞു. വിളവെടുക്കാൻ പാകത്തിലുള്ള മത്സ്യങ്ങളാണ് ചത്തത്. ഒന്നരക്കിലോ തൂക്കമുള്ള കാളാഞ്ചിയും മുക്കാൽ കിലോ വരുന്ന കരിമീനും ഉൾപ്പെടെ ആയിരത്തിലധികം കിലോയുടെ മീനുകളാണ് നഷ്ടമായത്.
കായലിലെ മത്സ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചത്തുപൊങ്ങി ഒഴുകിനടക്കുന്നതായി കണ്ടിരുന്നു. ശേഷമാണ് കൂടുകളിലെ മത്സ്യങ്ങൾ ചത്തത്. മരടിലെ ഫ്ലാറ്റ് പൊളിച്ചപ്പോൾ വൻ നഷ്ടം നേരിടേണ്ടി വന്ന കർഷകർക്കാണ് ഇപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായത്. ഫ്ലാറ്റ് പൊളിച്ചപ്പോൾ തങ്ങൾക്കുണ്ടായ നഷ്ടപരിഹാരം വർഷങ്ങൾ കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. അതിനിടയിലാണ് വീണ്ടും ഇടിത്തീ പോലെ ഇങ്ങനെയൊരു സംഭവമുണ്ടായതെന്ന് അവർ പറയുന്നു. പെരിയാറിലെ രാസമാലിന്യം കലർന്ന വെള്ളം ഒഴുകിയെത്തിയതാണെന്ന സംശയമുണ്ടെന്നും സർക്കാറും ബന്ധപ്പെട്ട വകുപ്പുകളും നഷ്ടപരിഹാരം നൽകണമെന്നും കർഷകൻ ജാക്സൺ സിമേന്തി പറഞ്ഞു.
സർക്കാർ, കുഫോസ്, ഫിഷറീസ്, പൊലീസ്, നഗരസഭ തുടങ്ങിയവക്ക് പരാതി നൽകാനൊരുങ്ങുകയാണ് കർഷകർ. കായലിൽ ആദ്യം കൂട് കൃഷി തുടങ്ങിയത് മഹാത്മാ സ്വാശ്രയ സംഘമാണ്. 15 പേർ ചേർന്ന ഒരു കൂട്ടായ്മയാണ് ഇവിടെ വലിയ രീതിയിൽ മത്സ്യകൃഷി നടത്തുന്നത്. ഇവർക്കാണ് കൂടുതൽ നഷ്ടം സംഭവിച്ചത്. സ്വർണം വിറ്റും കടം വാങ്ങിയും കൂടു കൃഷി തുടങ്ങിയവർക്കും സംഭവത്തിൽ ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ട്. കുഫോസ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം, പ്രാഥമിക പരിശോധനയിൽ അമോണിയം സൾഫൈഡ് ജലത്തിൽ ഉള്ളതായും ഓക്സിജന്റെ അളവും ഉപ്പിന്റെ അംശവും തീരെയില്ലെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.