നെട്ടൂര്‍-കോന്തുരുത്തി കായലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍

അഷ്‌നയും ആദിലും അറിഞ്ഞില്ല, തുഴയുന്നത് മരണത്തിലേക്കാണെന്ന്; നെട്ടൂരിലെ വള്ളം അപകടത്തിൽ പൊലിഞ്ഞത്​ ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകൾ

മരട്: നെട്ടൂരില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ നെട്ടൂര്‍ പെരിങ്ങാട്ട്പറമ്പില്‍ ബീന മന്‍സിലില്‍ നവാസ്-ഷാമില ദമ്പതികള്‍ക്ക് നഷ്ടമായത് ആകെയുണ്ടായിരുന്ന പ്രതീക്ഷകളാണ്. അഷ്‌നയും ആദിലും പഠനത്തോടൊപ്പം തന്നെ കേക്ക് ഉണ്ടാക്കി വില്‍പ്പന നടത്തുകയും ചെയ്​തിരുന്നു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതുകൊണ്ടു തന്നെ ഇരുവർക്കും കേക്ക് നിര്‍മാണം വിപുലപ്പെടുത്താനുമായിരുന്നു. ഇവർ പഠനത്തിനായുള്ള ചെലവ് കണ്ടെത്തുന്നതും ഈ ബിസിനസിലൂടെയായിരുന്നു.

കോന്തുരുത്തിയിലെ സുഹൃത്തുക്കളായ എബിന്‍ പോള്‍, പ്രവീണ്‍ എന്നിവര്‍ക്കായാണ് കഴിഞ്ഞ ദിവസം കേക്ക് ഉണ്ടാക്കിയത്. ഇത് നല്‍കുന്നതിനായി ഇരുവരും ബൈക്കില്‍ നെട്ടൂര്‍ നോര്‍ത്ത് കോളനിയിലെത്തി കോന്തുരുത്തി കായലിനു സമീപത്തെത്തുകയായിരുന്നു. കോന്തുരുത്തിയില്‍ നിന്നും ഫൈബര്‍ ബോട്ടില്‍ കേക്ക് വാങ്ങുവാനായി എബിന്‍പോളും പ്രവീണും സ്ഥലത്തെത്തിയിരുന്നു.

കേക്ക്​ കൈമാറിയ ശേഷം, എബിനും പ്രവീണും കേക്ക് മുറിച്ച് ആഘോഷിക്കാന്‍ ഇരുവരെയും ക്ഷണിക്കുകയായിരുന്നു. രണ്ടു പേര്‍ക്കു മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഫൈബര്‍ ബോട്ടിലാണ് നാലു പേര്‍ സഞ്ചരിച്ചത്. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന്​  കണ്ടു നിന്നവര്‍ പറയുന്നു. അപകടമുണ്ടായ ഉടനെ പ്രവീണ്‍ നീന്തി കരയ്‌ക്കെത്താന്‍ ശ്രമിച്ചു. അപകടം കണ്ട് നിന്നയാളാണ്​ രക്ഷപ്പെടുത്തിയത്​. രണ്ടര മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അഷ്‌ന (22), ആദില്‍ (19), എബിന്‍പോള്‍ (20) എന്നിവരുടെ മൃതദേഹം കണ്ടെടുത്തത്. എബിന്‍ പോളിന്‍റെ പിതാവ്​ എം.എ.പോള്‍ ഷിപ്പ് യാര്‍ഡിലെ ജീവനക്കാരനാണ്. അമ്മ: ഹണിപോള്‍.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.