മരട്: ദേശീയപാത കുണ്ടന്നൂര്‍ ജങ്ഷനില്‍ സാഹസികരായ ബൈക്ക് യാത്രികരെ കാത്തിരിക്കുന്നത് പുത്തന്‍ 'അനുഭൂതി'. ചിലയിടങ്ങളില്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ ലോങ് ജംപ് ചാടിയ അനുഭവം ലഭിക്കും.
സമ്മാനമായി ശരീരത്തില്‍ പരിക്കുകളും കിട്ടും. കുണ്ടന്നൂര്‍ പാലത്തിനു താഴെ തൃപ്പൂണിത്തുറയില്‍ നിന്നും അരൂര്‍ ഭാഗത്തേക്ക് തിരിയുന്ന അണ്ടര്‍ പാസില്‍ ഒരിടത്ത് കോണ്‍ക്രീറ്റ് ഇളകി കൂനകളായി രൂപപ്പെട്ടിരിക്കുന്നു.
മറ്റൊരിടത്ത് കുഴി അടക്കാനായി ചെയ്ത പ്രവൃത്തിയില്‍ ഒരു ഭാഗം ഉയര്‍ന്നും മറുഭാഗം താഴ്ന്നുമിരിക്കുന്നു. കരാറുകാരുടെ അശാസ്ത്രീയ നിര്‍മാണം മൂലം ജങ്ഷനില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും കൂടുതലായി. അരൂര്‍ ഭാഗത്തുനിന്നും പാലമിറങ്ങി തേവരയിലേക്ക് പോകുന്ന ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ ടൈലുകള്‍ പാകി കോണ്‍ക്രീറ്റ് ചെയ്തത് ഹമ്പ് രൂപത്തിലാണ്. ഇതുമൂലം ഇറക്കമിറങ്ങി വരുന്ന വാഹനങ്ങള്‍ ഇതു ശ്രദ്ധിക്കാതെ ഹമ്പില്‍ ചാടുമ്പോള്‍ കുതിച്ചു ചാടുന്ന സ്ഥിതിയാണുള്ളത്.
ഇതിലൂടെ കയറിയിറങ്ങിയാല്‍ ബൈക്കുകള്‍ തെന്നി മറിയുന്നതിനുള്ള സാധ്യത കൂടുതലാണ്. മഴ പെയ്താല്‍ കോണ്‍ക്രീറ്റ് ഇളകി കുഴിയായ ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. ഇതറിയാതെ ബൈക്ക് യാത്രികര്‍ ഇതിലൂടെ കയറിയിറങ്ങുമ്പോള്‍ തെന്നി മറിയുന്നതും നിത്യകാഴ്ചയാണ്.
കുണ്ടന്നൂര്‍ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടും പാലത്തിനു താഴെയുള്ള റോഡുകള്‍ നവീകരിച്ചിരുന്നില്ല. തല്‍ക്കാലത്തേക്ക് ടൈലുകള്‍ പാകിയെങ്കിലും പല ഭാഗങ്ങളിലും ടൈലുകള്‍ ഇളകി മാറിയ നിലയിലാണ്.
ടൈലുകളുടെ വശങ്ങളിലായി കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഇളകിമാറിയ നിലയിലാണ്. ഇതുമൂലം റോഡിന്റെ നടുഭാഗങ്ങളില്‍ ചിലയിടത്ത് കുഴിയും കൂനകളുമായി കോണ്‍ക്രീറ്റ് ചിതറിക്കിടക്കുന്നു. വര്‍ഷങ്ങളായിട്ടും പരിഹാരം കാണാന്‍ അധികൃതര്‍ക്കായിട്ടില്ല.
ചിലയിടങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെങ്കിലും അപകടാവസ്ഥ കൂടിയെന്നല്ലാതെ യാതൊരു പരിഹാരവുമുണ്ടായില്ല. പൂര്‍ണമായും ടൈലുകള്‍ വിരിക്കുകയോ, ടാര്‍ ചെയ്യുകയോ ചെയ്യാതെ ഈ ഭാഗത്തെ ദുരിതയാത്രക്ക് അവസാനമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.