മരട്: കുണ്ടന്നൂരിൽ മൂടിയില്ലാത്ത കാനയിലേക്ക് ഓടിക്കൊണ്ടിരുന്ന കാർ മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുണ്ടന്നൂർ എയർടെല്ലിന്റെ ഓഫിസിന് മുന്നിൽ ഞായറാഴ്ച പുലർച്ച ടാറ്റ ടിഗോർ കാറാണ് കാനയിലേക്ക് മറിഞ്ഞത്. കുണ്ടന്നൂർ പാലം ഇറങ്ങി വന്ന് ഇടതുവശത്തെ സർവിസ് റോഡിലേക്ക് വശം ചേർന്ന് കയറുന്നതിനിടെയാണ് വലതുഭാഗം മുഴുവനായും കാനയിലേക്ക് മറിഞ്ഞത്. കാനക്ക് മൂടിയുണ്ടായിരുന്നില്ല.
ദേശീയപാതയിൽ കുമ്പളം മുതൽ വൈറ്റില വരെ ഭൂരിഭാഗം കാനകൾക്കും സ്ലാബില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നിരവധി അപകടമാണ് ഇതുമൂലം ഉണ്ടാകുന്നത്. കൂടാതെ റോഡും കാനയും ഒരേ നിരപ്പായതിനാൽ ശക്തമായ മഴയത്ത് കാനയിൽ വെള്ളം നിറഞ്ഞ് റോഡും കാനയും തിരിച്ചറിയാൻ കഴിയാത്തതിനാൽ വാഹനങ്ങൾ പെട്ടെന്ന് അപകടത്തിൽപെടാൻ കാരണമാകുന്നുണ്ട്. എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ ഒതുക്കുന്നതോടെ മറുവശത്തെ വാഹനം കാനയിലേക്ക് മാറിയാനുള്ള സാധ്യതയും കൂടുതലാണ്. കുമ്പളം ടോൾ പ്ലാസക്ക് സമീപത്തെ മൂടിയില്ലാത്ത കാനയിൽ ബൈക്ക് യാത്രികൻ വീണു മരണപ്പെട്ടിരുന്നു. സ്ലാബില്ലാത്ത കാനയിലെ വെള്ളക്കെട്ടിൽ വീണാണ് മരണം. തുറന്ന കാനയിൽ രാത്രിയിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നത് പതിവാണ്. കാനകൾക്ക് മേൽ സ്ലാബിട്ട് മൂടി യാത്രക്കാരുടെ ആശങ്ക പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.