മരട്: പുതിയ മോട്ടോർ സ്ഥാപിക്കുമെന്ന ഉറപ്പ് പാഴായി; നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം. മരട്, പശ്ചിമകൊച്ചി, കൊച്ചിൻ കോർപറേഷൻ തുടങ്ങിയ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പാഴൂർ പമ്പ് ഹൗസിൽ പുതിയ മോട്ടോർ ഒരുമാസത്തിനകം സ്ഥാപിക്കുമെന്ന് മന്ത്രി, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതുവരെ പാലിക്കാൻ സാധിച്ചിട്ടില്ല. മൂന്ന് മോട്ടോറുകൾ പുതിയത് വാങ്ങിയെങ്കിലും ഒരെണ്ണം മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ട് പഴയതും ഒരു പുതിയതും ഉപയോഗിച്ചാണ് ജലവിതരണം നടക്കുന്നത്. പാഴൂർ പമ്പ് ഹൗസിൽ പുതിയ രണ്ട് മോട്ടോറുകളും ഘടിപ്പിക്കാതെ ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇത് ഘടിപ്പിക്കാൻ ഒരുമാസത്തോളം കാല താമസമെടുക്കുമെന്നും അതിനിടയിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ കുടിവെള്ള വിതരണം കൂടുതൽ പ്രതിസന്ധിയിലാകുമെന്നുമാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണം. സാധാരണ ജനങ്ങൾക്ക് കുടിവെള്ളം നൽകാതെ പാഴൂരിൽനിന്ന് വരുന്ന വെള്ളം, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ടാങ്കർ ലോബികൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിന് മറിച്ചുവിൽക്കുകയാണെന്നും ഇതിനെതിരെ വകുപ്പുമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും മരട് നഗരസഭ മുൻ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ പറഞ്ഞു.
മരട്: നഗരസഭ പരിധിയിൽ നെട്ടൂർ ഭാഗത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ എറണാകുളം ജല അതോറിറ്റി ചീഫ് എൻജിനീയർ വി.കെ. പ്രദീപിനെ ഉപരോധിച്ചു.ഒരാഴ്ചയായി നെട്ടൂർ, വളന്തകാട് ദ്വീപ്, കണ്ണാടിക്കാട് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. നഗരസഭയിൽ ചൊവ്വാഴ്ച രാവിലെ ചേർന്ന കൗൺസിൽ യോഗത്തിൽ പ്രശ്നം ഉന്നയിച്ചതിനെത്തുടർന്നാണ് ചീഫ് എൻജിനീയറുടെ ഓഫിസ് ഉപരോധിക്കാൻ തീരുമാനിച്ചത്.
പുതിയ മോട്ടോർ പ്രവർത്തിപ്പിച്ച് 120 എം.എൽ.ഡി വെള്ളം ലഭ്യമാക്കി കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നം എക്സിക്യൂട്ടിവ് എൻജിനീയറുമായി ആലോചിച്ച് ഉടൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. വൈസ് ചെയർപേഴ്സൻ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ബേബി പോൾ, ശോഭ ചന്ദ്രൻ, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ബെൻഷാദ് നടുവിലവീട്, പി.ഡി. രാജേഷ്, മിനി ഷാജി, ജയ ജോസഫ്, സീമ ചന്ദ്രൻ, എ.കെ. അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.
ചോറ്റാനിക്കര: കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പെരിയാർവാലി കനാലിലൂടെ മാസത്തിൽ മൂന്നുതവണ വെള്ളം എത്തിക്കണമെന്ന ആവശ്യവുമായി ചോറ്റാനിക്കര പഞ്ചായത്ത് അംഗങ്ങൾ എൻജിനീയറുടെ ഓഫിസിൽ സമരം നടത്തി. പി.വി.ഐ.പി അസി. എൻജിനീയർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരുമായി ചർച്ച നടത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തതിനെത്തുടർന്ന് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായത്രയും വെള്ളം ലഭ്യമാക്കുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.