മരട്: കുമ്പളം ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വിറ്റ് ശ്രദ്ധേയയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്രിന്‍ അമാന് സഹായഹസ്തവുമായി യൂസുഫ് അലി. ഉമ്മയും ഭിന്നശേഷിക്കാരനായ അനിയനും അടങ്ങുന്ന കുടുംബത്തെ സഹായിക്കാനായാണ് ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വില്‍ക്കുന്ന ജോലി ഷഹ്രിന്‍ ഏറ്റെടുത്തത്.
തന്നെ കാണണമെന്ന് ഷഹ്രിൻ ആഗ്രഹം പ്രകടിപ്പിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യൂസുഫലി കുടുംബത്തെ കാണാന്‍ കൊച്ചിയില്‍ നേരിട്ടെത്തിയത്. ഷഹ്രിനോടും കുടുംബത്തോടും സംസാരിച്ച അദ്ദേഹം, സഹോദരന്‍ അര്‍ഫാസിന്‍റെ ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്നും അറിയിച്ചു. ഐ.പി.എസ് ആകണമെന്നതാണ് ഷഹ്രിന്‍റെ ആഗ്രഹം എന്നറിഞ്ഞതോടെ അവളെ പഠിപ്പിക്കാനുള്ള സഹായവും വാഗ്ദാനം ചെയ്തു.
ഒപ്പം ബന്ധുവായ യുവാവിനു ജോലി നൽകാമെന്നും അറിയിച്ചു. ഒരു വിമാനയാത്രക്കിടയിലാണ് ഷഹ്രിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതെന്നും അപ്പോള്‍ തന്നെ നേരിട്ടെത്തണമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം സാക്ഷാത്കരിക്കാന്‍ നന്നായി പഠിക്കണമെന്ന് ഷഹ്രിന് ഉപദേശവും നല്‍കിയാണ് യൂസുഫലി മടങ്ങിയത്.
ഉമ്മയുടെ പ്രയാസം കണ്ടാണ് ഒമ്പതാം ക്ലാസുകാരിയായ ഷഹ്രിന്‍ ഫാസ് ടാഗ് വില്‍ക്കാന്‍ ഇറങ്ങി തിരിച്ചത്. ലുലുമാളില്‍ തനിക്കൊരു കിയോസ്‌ക് നല്‍കണമെന്നും യൂസഫലിയോട് ആവശ്യപ്പെട്ടതായി ഷഹ്രിന്‍ മാധ്യമങ്ങളോട് പറഞ്ഞു. നടി മഞ്ജുവാര്യരെ കാണണമെന്ന ആഗ്രഹവും ഷഹ്രിന് മുമ്പ് പ്രകടിപ്പിച്ചിരുന്നു.
അതറിഞ്ഞ മഞ്ജു ഷഹ്രിനെ കാണാന്‍ നേരിട്ട് എത്തിയതും വാര്‍ത്തയായിരുന്നു. കുമ്പളം ആര്‍.പി.എം.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഷഹ്രിന്‍ അമാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.