മൂവാറ്റുപുഴ: കോതമംഗലെത്ത ബാർ ഹോട്ടലിൽ മദ്യപിക്കുന്നതിനിടെയുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ നാല് പ്രതികൾക്കും ഏഴുവർഷം കഠിന തടവിനും 10,000 രൂപ വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചു.
കുത്തുകുഴി വലിയപാറ പാറപ്പുറം ചാക്കോയുടെ മകൻ ബിനു (27) കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഈരാറ്റുപേട്ട ഇരുമാപ്ര പാറശ്ശേരിയിൽ സാജൻ സാമുവൽ (41), ഏഴനെല്ലൂർ പൂവരണിയിൽ കാഞ്ഞിരത്തിങ്കൽ ജിജോ ജോർജ് (33), നേര്യമംഗലം തലക്കോട് അള്ളുങ്കൽ പോഞ്ഞാശേരി മഠത്തുംപടി ജോബിൻ ജോർജ് (22), നെല്ലിക്കുഴി കൂമുള്ളുംചാലിൽ രാഹുൽ (മുന്ന-23) എന്നിവരെയാണ് മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.എൻ. പ്രഭാകരൻ ശിക്ഷിച്ചത്.
2018 മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. കോതമംഗലത്തുള്ള സ്വകാര്യ ബാറിൽ മദ്യപിക്കുന്നതിനിടെ മുൻവൈരാഗ്യത്തെത്തുടർന്ന് രണ്ടു വിഭാഗം തമ്മിലുള്ള ഏറ്റുമുട്ടൽ കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. മൂന്നു പേർക്കാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ബിനു ചാക്കോ തൊട്ടടുത്ത ദിവസം മരിച്ചു.
കോതമംഗലം സർക്കിൾ ഇൻസ്പെക്ടറായിരുന്ന അഗസ്റ്റിൻ ജോസഫാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ കേസുകളിൽ മുമ്പും ഉൾപ്പെട്ടിട്ടുള്ളവരാണ്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ശിക്ഷയിൽനിന്നും ഒഴിവാക്കി. 26 സാക്ഷികളെയും 49 രേഖകളും ഒമ്പത് തൊണ്ടികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് മധു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.