മൂവാറ്റുപുഴ: ഡോക്ടറുടെ അനാസ്ഥമൂലം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകുന്നു. കുറെ നാളുകളായി തുടരുന്ന അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വെള്ളിയാഴ്ച ആശുപത്രിയിൽ എത്തിച്ച പായിപ്ര സ്വദേശി ഗോപിയുടെ മൃതദേഹം ഉന്നത ഇടപെടലുകൾക്കൊടുവിൽ ഞായറാഴ്ച വൈകീട്ടോടെയാണ് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മോർച്ചറിയിൽ എത്തിച്ച മൂന്ന് മൃതദേഹങ്ങളും ഞായറാഴ്ച വൈകീട്ടാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഭാര്യ മരിച്ചതിനുപിന്നാലെയാണ് ഗോപി മരിച്ചത്. കോവിഡ് പരിശോധന വൈകാതെ പൂർത്തിയാക്കിയിട്ടും പോസ്റ്റ്മോർട്ടം നടത്താൻ ഞായറാഴ്ച വൈകീട്ടുവരെ കാത്തുനിൽക്കേണ്ടിവന്നത് വലിയ പ്രതിഷേധത്തിനിടയാക്കി.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് സംസ്കാരം നടത്താൻ ബന്ധുക്കൾ നടപടികൾ പൂർത്തിയാക്കിയെങ്കിലും പോസ്റ്റ്മോർട്ടം നടത്താത്തതിനാൽ സാധിച്ചില്ല.
സമാന സംഭവങ്ങൾ മുമ്പും നടന്നിട്ടുണ്ട്. ആറുമാസം മുമ്പും പോസ്റ്റ്മോർട്ടം വൈകിയതിനെത്തുടർന്ന് ബന്ധുക്കൾ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ തയാറെടുത്തതോടെയാണ് പൊലീസ് സർജൻ എത്തി പോസ്റ്റ്മോർട്ടം നടത്തിയത്.
എം.എൽ.എ ഉൾപ്പെടെ ഉള്ളവർ ശക്തമായ പ്രതിഷേധമാണ് അന്ന് ഉയർത്തിയത്. ജനറൽ ആശുപത്രിയിലെ അധികൃതരോട് ഇതേക്കുറിച്ച് ചോദിക്കാൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ എടുക്കാൻപോലും തയാറായില്ലെന്നും ജനപ്രതിനിധികൾ കുറ്റപ്പെടുത്തുന്നു.
പൊലീസ് സർജെൻറ സേവനം കൃത്യസമയത്ത് ലഭ്യമാക്കാനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാനും ആശുപത്രി അധികൃതർ ജാഗ്രത കാണിക്കുന്നില്ലെന്നും ഇത് മൃതദേഹങ്ങളോടുള്ള അനാദരവായി മാറുകയാണെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങൾ മോർച്ചറിയിൽ ഒരുക്കിയിട്ടും ഇവിടെ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് മണിക്കൂറുകളും ദിവസങ്ങളും കാത്തുകിടക്കേണ്ടിവരുന്നത് ഗുരുതര കൃത്യവിലോപംതന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.