മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാൻപോലും മുദ്രപ്പത്രങ്ങൾ ലഭിക്കാത്ത സാഹചര്യം സ്ഥാനാർഥികൾക്കും വിനയായി. 200 രൂപയുടെ മുദ്രപ്പത്രമാണ് പത്രികയോടൊപ്പം സത്യവാങ്മൂലം സമർപ്പിക്കാൻ വേണ്ടത്.
ഈ വിലയുള്ള മുദ്രപ്പത്രം എവിടെയും കിട്ടാനില്ലെന്ന് സ്ഥാനാർഥികൾ പറയുന്നു. 20, 50, 100, 200 രൂപ പത്രങ്ങളും കിട്ടാനില്ല. 500െൻറയും ആയിരത്തിെൻറയും മുദ്രപ്പത്രങ്ങൾ മാത്രമാണ് ലഭ്യമാകുന്നത്. മാസങ്ങളായി തുടരുന്ന മുദ്രപ്പത്രക്ഷാമം പരിഹരിക്കാൻ നടപടിയൊന്നും ഉണ്ടാകാത്തത് തദ്ദേശ തെരഞ്ഞെടുപ്പിനെയും ബാധിക്കുകയാണ്.
തിങ്കളാഴ്ച സ്റ്റാമ്പ് വെണ്ടർമാരുടെ ഓഫിസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കോതമംഗലം അടക്കമുള്ള കിഴക്കൻ മേഖലകളിൽനിന്നടക്കം മുദ്രപ്പത്രങ്ങൾ വാങ്ങാൻ ആളുകൾ എത്തി.
ഉപയോഗശൂന്യമായി കിടന്ന അഞ്ചു രൂപയുടെയും 10 രൂപയുടെയും മുദ്രപ്പത്രങ്ങൾ ജില്ല സ്റ്റാമ്പ് ഡിപ്പോ ഓഫിസർമാരെക്കൊണ്ട് പുനർമൂല്യനിർണയം നടത്തി 50 , 100 രൂപ വിലയിലുള്ള മുദ്രപ്പത്രമാക്കി വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഈ നടപടി ഇഴയുകയാണ്.
കുറഞ്ഞ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ ഉയർന്ന മൂല്യമുള്ളതാക്കി മാറ്റാൻ ട്രഷറി ഡയറക്ടർ വിവിധ ജില്ലകളിലെ സ്റ്റാമ്പ് ഡിപ്പോ ഓഫിസർമാർക്ക് പ്രത്യേക അധികാരം നൽകിയെങ്കിലും പ്രശ്ന പരിഹാരമായില്ല.
ദൈനംദിന പ്രവൃത്തിക്കിടയിൽ വേണം ഇത് ചെയ്യേണ്ടത് എന്നതിനാൽ ഒരു ദിവസം 300 മുതൽ 500 എണ്ണം വരെ മാത്രമേ സീൽ ചെയ്തു ഒപ്പുെവച്ച് കമ്പ്യൂട്ടറിൽ സ്റ്റോക് രേഖപ്പെടുത്തി വിതരണത്തിനു കൊടുക്കാൻ കഴിയൂ.
തിരുവനന്തപുരെത്ത സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽനിന്നാണ് വിവിധ ജില്ലകളിലേക്ക് മുദ്രപ്പത്രങ്ങൾ എത്തുന്നത്. വെണ്ടർമാർക്കും സബ് ട്രഷറികളിലേക്കും മുദ്രപ്പത്രം വിതരണം ചെയ്യുന്നത് ജില്ല ട്രഷറിയിലുള്ള ജില്ല സ്റ്റാമ്പ് ഡിപ്പോയിൽനിന്നാണ്.
ട്രഷറികളിൽനിന്ന് മുദ്രപ്പത്രം വിതരണം ചെയ്യുന്നതിലും പക്ഷപാത നിലപാടുകൾ ഉണ്ടെന്ന് ആക്ഷേപമുണ്ട്. കോവിഡ് വ്യാപനത്തോടുകൂടി മഹാരാഷ്ട്രയിലെ നാസിക് സെക്യൂരിറ്റി പ്രസിൽനിന്ന് മുദ്രപ്പത്രങ്ങൾ ആവശ്യത്തിനു കിട്ടാത്തതാണ് ക്ഷാമം രൂക്ഷമാകാൻ കാരണമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.