പറവൂർ: വാണിയക്കാട് വീനസ് എൻറർപ്രൈസസിലെ ആസിഡ് സംഭരണ ശാലയിലുണ്ടായ തീപിടിത്തം തേച്ചുമാച്ചുകളയാൻ നീക്കം. അന്വേഷണം അട്ടിമറിച്ച് ഉടമകളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ഭരണകക്ഷിയിലെ പ്രമുഖനാണ്. നേരത്തെ ഇവിടെ പൊട്ടിത്തെറി ഉണ്ടായപ്പോൾ ഈ നേതാവാണ് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയത്.
നേരത്തെ സോപ്പ് നിർമാണ യൂനിറ്റിന്റെ ലൈസൻസിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ ഹൈഡ്രോക്ലോറിക് ആസിസ്, ക്ലോറിൻ ബീച്ച്, നൈട്രിക് ആസിഡ് എന്നിവ ശേഖരിച്ച് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തുവരുകയാണ്. ഇതിന് പഞ്ചായത്തിന്റെ അനുമതി തേടിയിട്ടില്ല. ബുധനാഴ്ച പുലർച്ചയുണ്ടായ തീപിടിത്തത്തിൽ ആസിഡ് ശേഖരത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കത്തിനശിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരിൽ ആസിഡിൽ ചവിട്ടി ചിലരുടെ കാലുകൾ പൊള്ളിയിരുന്നു. ചിലർക്ക് ശ്വാസതടസ്സവുമുണ്ടായി. ഇവരൊന്നും ഇപ്പോൾ രംഗത്തില്ല. സംഭവത്തിൽ കേസെടുക്കുന്നതിൽ പൊലീസ് രണ്ടു തട്ടിലാണ്. ആളപായമോ കാര്യമായ നാശ നഷ്ടമോ സംഭവിച്ചിട്ടില്ലാത്തതിനാൽ കേസ് എടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ പക്ഷം. എന്നാൽ, കേസെടുക്കേണ്ടി വരുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറയുന്നു. ഉടമക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ കേസ് എടുത്തേ മതിയാകുകയുള്ളൂ. ഉടമയെ രക്ഷിക്കാൻ രാഷ്ട്രീയ നേതാക്കൾക്കൊപ്പം ചില സന്നദ്ധ സംഘടന പ്രവർത്തകരും രംഗത്തുണ്ട്. പഞ്ചായത്തിന്റെറ മൗനവും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.