പറവൂർ: കോവിഡ് ബാധിതനായിട്ടും ആരെയും അറിയിക്കാതെ ഓഫിസിലെത്തിയ മേലുദ്യോഗസ്ഥനെ പൊലീസെത്തി വീട്ടിലേക്ക് തിരിച്ചയച്ചു. പറവൂരിലെ സെയിൽസ് ടാക്സ് ഓഫിസറാണ് നിരുത്തരവാദപരമായി പെരുമാറിയത്.
ഈയിടെ സ്ഥലംമാറി പറവൂരിലെത്തിയ സെയിൽസ് ടാക്സ് ഓഫിസർ പെരുമ്പാവൂർ വെങ്ങോല സ്വദേശി മുനീറാണ് (47) കോവിഡ് ബാധിച്ചിട്ടും ബുധനാഴ്ച ഓഫിസിൽ എത്തിയത്. ഉച്ചവരെ ഇയാൾ ഓഫിസിലുണ്ടായിരുന്നതായി മറ്റ് ജീവനക്കാർ പറഞ്ഞു. ഇതിനിടെയാണ് പൊലീസ് എത്തി തിരിച്ചയച്ചത്.
കഴിഞ്ഞ 20ന് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്താണ് പറവൂരിലെത്തിയത്. കോവിഡ് ബാധിച്ചിട്ടും ഇയാൾ നാട്ടിൽ കറങ്ങിനടക്കുന്നതായ പരാതിയെത്തുടർന്ന് ആരോഗ്യപ്രവർത്തകരും പൊലീസും അന്വേഷിച്ച് ചെന്നപ്പോഴാണ് വീട്ടിലില്ലെന്നും ഓഫിസിലാണെന്നും അറിയുന്നത്.
പൊലീസ് ഉടൻ പറവൂർ സ്പെഷൽ ബ്രാഞ്ച് പൊലീസുമായി ബന്ധപ്പെടുകയും ഇയാളെ തിരിച്ചയക്കുകയുമായിരുന്നു. ബസിൽതന്നെയാണ് ഓഫിസർ തിരിച്ചുപോയതത്രേ. പറവൂർ സെയിൽസ് ടാക്സ് ഓഫിസിൽ പതിനഞ്ചോളം ജീവനക്കാരുണ്ട്. പൊലീസ് എത്തിയപ്പോഴാണ് മേലുദ്യോഗസ്ഥന് കോവിഡാണെന്ന വിവരം മറ്റുള്ളവർ അറിയുന്നത്. ഓഫിസർ പോയശേഷം അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി ഓഫിസിൽ അണുനശീകരണം നടത്തി. സ്ത്രീ ജീവനക്കാർ അടക്കമുള്ളവർ ഭയാശങ്കയിലാണ്.
അതേസമയം ഉദ്യോഗസ്ഥൻ താമസിക്കുന്ന സൗത്ത് വാഴക്കുളം ഉൾപ്പെടുന്ന തടിയിട്ടപറമ്പ് പൊലീസ് ഇയാൾക്കെതിരെ സമ്പർക്കവിലക്ക് ലംഘിച്ച് പുറത്തിറങ്ങിയതിന് കേസെടുത്തു. സർക്കാർ ജീവനക്കാരനായതിനാൽ റൂറൽ എസ്.പി വഴി ജില്ല കലക്ടർക്കും പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.