പറവൂർ: തിരക്കേറിയ ആലുവ - പറവൂർ റോഡിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ തകരാറിലാകുന്നത് പതിവാകുന്നു. മറിയപ്പടിയിൽ വ്യാഴാഴ്ച പൈപ്പ് ലൈൻ തകർന്നത് അറ്റകുറ്റപ്പണി നടത്തി വെള്ളം വിതരണം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ ഈ റൂട്ടിൽ മൂന്നിടത്ത് പൈപ്പ്ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. തട്ടാംപടി ഷാപ്പുപടി, മന്ദം 11 കെ.വി സബ് സ്റ്റേഷനുസമീപം, മന്ദംകവല എന്നിവിടങ്ങളിലാണ് പുതുതായി പൊട്ടിയത്. ഇതിനുപുറമെ, മന്നം ആപ്പേ ബസ് സ്റ്റോപ്പിന് സമീപം പൈപ്പ്ലൈൻ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളേറെയായി. ഇതിന് പരിഹാരം ഉണ്ടായിട്ടില്ല. ചൊവ്വരയിൽനിന്ന് പറവൂർ നഗരസഭ പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്ന അഞ്ചരയടി താഴ്ചയിലൂടെയുള്ള 700 ചതുരശ്ര അടി വിസ്തീർണമുള്ള കാസ്റ്റ് അേയൺ പൈപ്പ്ലൈൻ ആണ് പൊട്ടിയത്.
പൈപ്പ് തകർന്നതോടെ റോഡിലേക്കും സമീപത്തെ കാനയിലേക്കും കുടിവെള്ളം ഒഴുകിപ്പോകുകയാണ്. അതേസമയം, ജല അതോറിറ്റി പറവൂർ സബ് ഡിവിഷൻ പരിധിയിൽ പഴയ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് തടയാൻ ശാശ്വത പരിഹാരമില്ല.
ഇപ്പോൾ അടിക്കടി പല സ്ഥലത്തും പൈപ്പുകൾ പൊട്ടുന്നതും കുടിവെള്ളവിതരണം മുടങ്ങുന്നതും ഗതാഗത തടസ്സം നേരിടുന്നതും പതിവായിട്ടുണ്ട്. പഴയ പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ കോടികളുടെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ചില പദ്ധതികൾക്ക് പണം അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ മുന്നോട്ടുനീങ്ങുന്നില്ല. അതേസമയം, പൊട്ടുന്ന പൈപ്പുകൾ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കാൻ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. വർഷങ്ങളായി തുടരുന്ന ഈ ഇടപാടിലാണ് ചിലർക്ക് താൽപര്യം. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പൈപ്പ് പൊട്ടിയ സ്ഥലത്ത് അറ്റകുറ്റപ്പണി നടത്തി ടൈൽ വിരിച്ച് ശരിയാക്കിയ ഇടത്ത് വീണ്ടും പൈപ്പ് പൊട്ടുന്നത് പതിവായിരിക്കുകയാണ്. തിരക്കേറിയ ആലുവ - പറവൂർ റോഡിൽ മന്നം കവലക്ക് പടിഞ്ഞാറുവശം പൈപ്പ് പൊട്ടിയത് അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിൽ ആക്കിയെങ്കിലും വീണ്ടും പൊട്ടി.
അവിടെ കഴിഞ്ഞ മാസം വീണ്ടും അറ്റകുറ്റപ്പണി നടത്തി ടൈൽ വിരിച്ചെങ്കിലും വീണ്ടും പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. റോഡും തകർന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.