കഴുതുരുട്ടി വാർഡ് ഇന്ന് ബൂത്തിലേക്ക്; ഫലം ഇരുമുന്നണിക്കും നിർണായകം

പുനലൂർ: സംസ്ഥാന അതിർത്തിയിലുള്ള ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. ഇരുമുന്നണിക്കും നിർണായകമാകുന്ന ഫലം ബുധനാഴ്ച രാവിലെ പത്ത് കഴിയുമ്പോൾ അറിയാം. ഭരണകക്ഷിയായ യു.ഡി.എഫിനും പ്രതിപക്ഷമായ എൽ.ഡി.എഫിനും വിജയിച്ചേ മതിയാകൂ. എൽ.ഡി.എഫിൽ സി.പി.എമ്മിലെ മാന്തഴത്തറ സലീമും യു.ഡി.എഫിൽ കോൺഗ്രസിലെ തോമസ് മൈക്കിളും ബി.ജെ.പിക്കായി വനിതയായ ലിനിയുമാണ് മത്സരത്തിനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലായിരുന്ന മാമ്പഴത്തറ സലീം 43 വോട്ടിന് ഇവിടെ വിജയിച്ചിരുന്നു. ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് മാറിയതോടെ പഞ്ചായത്ത് മുൻ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന മാമ്പഴത്തറ സലീമിനാണ് ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർഥിത്വം ലഭിച്ചത്. നിലവിലെ പ്രസിഡന്‍റായ സുജ തോമസിന്‍റെ ഭർത്താവാണ് മുൻ വാർഡംഗം കൂടിയായ തോമസ് മൈക്കിൾ. ബി.ജെ.പിയാകട്ടെ പുതുമുഖമായ ലിനിയെയാണ് വാർഡ് നിലനിർത്താൻ രംഗത്തിറക്കിയത്. 13 അംഗ പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും അഞ്ചുവീതവും ബി.ജെ.പിക്ക്​ രണ്ടും ഒരു സ്വതന്ത്രയുമാണ് കക്ഷിനില. സ്വതന്ത്രയെ വൈസ് പ്രസിഡന്‍റാക്കി ഭരണം യു.ഡി.എഫ് നേടുകയായിരുന്നു. കഴുതുരുട്ടിയിൽ ബി.ജെ.പി ഒഴികെ ആരു ജയിച്ചാലും പഞ്ചായത്ത് ഭരണത്തിൽ നിർണായകമാകും. എൽ.ഡി.എഫ് വിജയിച്ചാൽ ഇരു മുന്നണിക്കും തുല്യ സീറ്റാകും. പിന്നീട് ഭരണം നറുക്കിലൂടെ തീരുമാനിക്കേണ്ടിവരും. കോൺഗ്രസ് വിജയിച്ചാൽ യു.ഡി.എഫിന് ഭരണം നിലനിർത്താനാകും. നിർണായകമാകുന്ന ഫലം കണക്കിലെടുത്ത് മൂന്നു സ്ഥാനാർഥികൾക്കുവേണ്ടിയും ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നത്. രണ്ടു ബൂത്ത്, 1147 വോട്ടർമാർ പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാർഡിൽ രണ്ടു ബൂത്തിലായി 1147 വോട്ടർമാർ. കഴുതുരുട്ടിയിലെ പഞ്ചായത്ത് കോൺഫറൻസ്ഹാൾ, ഇടപ്പാളയം ഗവ.എൽ.പി.എസ് എന്നിവിടങ്ങളിലാണ് പോളിങ് സ്റ്റേഷൻ. ഒന്നാം ബൂത്തിൽ 594 വോട്ടർമാരിൽ 338 സ്ത്രീകളും 256 പുരുഷന്മാരുമുണ്ട്. രണ്ടാം ബൂത്തിൽ 553 വോട്ടർമാരിൽ 293 സ്ത്രീകളും 260 പുരുഷന്മാരുമുണ്ട്. തെരഞ്ഞെടുപ്പു ക്രമീകരണങ്ങൾ പൂർത്തിയായതായി റിട്ടേണിങ് ഓഫിസർ കെ.ഐ.പി അസി.എക്സി.എൻജിനീയർ മണിലാൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.