പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ ലൈൻ വൈദ്യുതീകരണത്തിന്റെ ഭാഗമായി വനഭാഗത്ത് മുറിച്ചിട്ട ലക്ഷങ്ങളുടെ മരങ്ങൾ കിടന്നുനശിക്കുന്നു. ഇടമൺ മുതൽ കോട്ടവാസൽ വരെ റെയിൽവേ ലൈനിന്റെ ഇരുവശങ്ങളിലുമാണ് വിലപിടിപ്പുള്ള വലിയ മരങ്ങൾ ഉൾപ്പെടെ കിടന്ന് ഇല്ലാതാകുന്നത്. ഈ തടി ശേഖരിച്ച് ഡിപ്പോകളിൽ എത്തിച്ച് ലേലം ചെയ്യാൻ വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല.
റെയിൽവേ ലൈൻ വൈദ്യുതീകരണത്തിന് തടസ്സമായി ലൈനിന്റെ ഇരുവശങ്ങളിലുമുള്ള മരങ്ങൾ രണ്ടുവർഷം മുമ്പാണ് റെയിൽവേ മുറിച്ചിട്ടത്. ഈ മേഖലയിൽ വനഭൂമിയിലൂടെ റെയിൽവേ ലൈൻ കടന്നുപോകുന്നതിനാൽ റെയിൽവേ പുറമ്പോക്കിലുള്ള മരങ്ങളുടെ ഉടമസ്ഥാവകാശം വനംവകുപ്പിനാണ്.
വനംവകുപ്പിന്റെ അനുമതിയോടുകൂടിയാണ് റെയിൽവേ ഈ മരങ്ങൾ മുറിച്ചതും. തുടർന്ന് മരങ്ങൾ വനംവകുപ്പ് സ്വന്തം ചെലവിൽ ശേഖരിച്ച് ഡിപ്പോയിൽ എത്തിച്ച് ലേലം ചെയ്ത് പണം സർക്കാറിലേക്ക് അടക്കേണ്ടതുണ്ട്. എന്നാൽ, ഇതിന് ഇതുവരെ നടപടി ഉണ്ടായില്ല. തെന്മല, ആര്യങ്കാവ് വനം റേഞ്ചുകളുടെ പരിധിയിലാണ് ഇടമൺ മുതൽ കോട്ടവാസൽ വരെയുള്ള റെയിൽവേ ലൈനുകൾ ഉള്ളത്. മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ ശേഖരിക്കാൻ അനുമതി ആവശ്യപ്പെട്ട് റേഞ്ച് അധികൃതർ സി.സി.എഫിന് അറിയിപ്പ് നൽകിയിട്ടും ഇതുവരെയും അനുകൂലമായി മറുപടി ലഭിച്ചില്ലെന്നാണ് റേഞ്ച് അധികൃതർ പറയുന്നത്.
തേക്ക്, പ്ലാവ്, ആഞ്ഞിലി, മഹാഗണി തുടങ്ങിയ വിലപിടിപ്പുള്ളതും പാഴ് മരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ പാല, ചീനി, വട്ട തുടങ്ങിയ പാഴ്മരങ്ങളെല്ലാം ഇതിനകം ഉപയോഗിക്കാൻ പറ്റാത്ത നിലയിൽ നശിച്ചു. പലയിടത്തും മരങ്ങൾ കാടുമൂടിയതിനാൽ കണ്ടെത്താനും പ്രയാസമാണ്. മുമ്പ് ബ്രോഡ്ഗേജ് സ്ഥാപിക്കാൻ ഇത്തരത്തിൽ നിരവധി മരങ്ങൾ ഈ മേഖലയിൽ മുറിച്ചിരുന്നു. ഇതുപോലും വനംവകുപ്പ് പൂർണമായി ശേഖരിക്കാത്തതിനാൽ കുറേ തടികൾ പൂർണമായി നശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.