പുളിയറയിൽ ഉപരോധ സമരം

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പാറയുൽപന്നങ്ങൾ കൊണ്ടുവരുന്നതിനെതിരെ പുളിയറയിൽ മോട്ടോർ വെഹിക്കിൾ ചെക്പോസ്റ്റ് ഉപരോധിച്ചു. കോൺഗ്രസ്, പ്രകൃതി സംരക്ഷണ സമിതികൾ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു സമരം. പാറ അമിതമായി പൊട്ടിക്കുന്നത് കാരണം പ്രകൃതിക്ക് ദോഷം വരുന്നതായും കാലാവസ്ഥ വ്യതിയാനമടക്കം സംഭവിക്കുന്നതായും സമരക്കാർ ആരോപിച്ചു. ചെങ്കോട്ട സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ അറസ്റ്റ്​ചെയ്തുനീക്കി. അനിയന്ത്രിതമായ പാറ കടത്തിനെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ സമരം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരക്കാർ പറഞ്ഞു. മുൻ എം.എൽ.എ എ. രവി, അരുൺമാരി, കുമരൻ, രാംമോഹൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. കഴുതുരുട്ടി തടയണയിലെ മണ്ണ് നീക്കിത്തുടങ്ങി പുനലൂർ: കഴുതുരുട്ടിയാറ്റിലെ നീരൊഴുക്കിന് തടസ്സമായിരുന്ന തടയണപാലത്തിലെ മൺകൂന നീക്കിത്തുടങ്ങി. കഴിഞ്ഞ പ്രളയത്തിലാണ് വനാന്തരങ്ങളിൽ നിന്ന് വൻതോതിൽ മണ്ണും തടിയും മറ്റും തടയണയിൽ അടിഞ്ഞുകൂടിയത്. ഇതുകാരണം തടയണ നികന്ന് വെള്ളം കെട്ടിനിൽക്കാത്ത നിലയിലായിരുന്നു. ഈ വേനലിൽ വെള്ളം കെട്ടിനിൽക്കാതിരുന്നതിനാൽ പരിസരങ്ങളിലെ കുടുംബങ്ങൾക്ക് കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് ജലസേചന വിഭാഗം പൊക്ലൈനർ ഉപയോഗിച്ച് മണ്ണ് നീക്കാൻ തയാറായത്. അതേ സമയം നീക്കുന്ന മണ്ണ് ആറ്റിന്‍റെ തീരത്ത് തന്നെ കൂട്ടിയിടുന്നതിനാൽ മഴയാകുമ്പോൾ വീണ്ടും ഒലിച്ചിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു. നീക്കം ചെയ്യുന്ന മണ്ണ് തടയണക്ക്​ താഴെയോ മറ്റെവിടെയെങ്കിലുമോ തള്ളണമെന്നാണ് ഇവരുടെ ആവശ്യം. ഇത് ചെലവേറിയതിനാൽ അധികൃതർ തയാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.