സന്തോഷ് ട്രോഫിയുമായി ടീം കേരള കൊട്ടാരക്കരയിൽ

കൊട്ടാരക്കര: കാൽപ്പന്തുകളിയിൽ വിസ്​മയങ്ങൾ തീർത്ത് കേരളത്തിനായി സന്തോഷ് ട്രോഫി കരസ്ഥമാക്കിയ ടീം അംഗങ്ങൾക്ക് കൊട്ടാരക്കരയിൽ ആവേശോജ്ജ്വല സ്വീകരണം. ചിരവൈരികളായ ബംഗാളിനെ മുട്ടുകുത്തിച്ച് കേരളത്തിന് ഏഴാം കിരീടനേട്ടം സമ്മാനിച്ച താരങ്ങളെക്കാണാൻ നിരവധി പേരാണ് കൊട്ടാരക്കരയിൽ അണിനിരന്നത്. 1993ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്‍റെ ക്യാപ്റ്റനും കൊട്ടാരക്കര സ്വദേശിയുമായ കുരികേശ് മാത്യുവിന്‍റെ നേതൃത്വത്തിലാണ് ടീം അംഗങ്ങളെ കൊട്ടാരക്കരയിലേക്ക് വരവേറ്റത്. നഗരസഭാധ്യക്ഷൻ എ. ഷാജുവിനും മന്ത്രി കെ.എൻ. ബാലഗോപാലിനുമൊപ്പം എം.എൽ.എമാരും എം.പിയും ജനപ്രതിനിധികളും പൗരപ്രമുഖരുമെല്ലാം നഗരസഭ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലെത്തി. തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെ കൊട്ടാരക്കര പൊലീസ്​ ​െറസ്റ്റ് ഹൗസിൽ ഫുട്ബാൾ ജേതാക്കളായ 16 താരങ്ങളും കോച്ചുൾപ്പെടെ മൂന്ന് പേരും ഉണ്ടായിരുന്നു. അവിടെ നിന്ന് വാഹനത്തിൽ പുലമൺ കെ.ഐ.പി ഓഫിസിന് മുന്നിൽ എത്തി. 6.45 ഓടെ ജേതാക്കൾ കൊട്ടാരക്കര ചന്തമുക്ക് പാർക്ക് മൈതാനത്തിൽ ഒരുക്കിയ സ്​റ്റേജിൽ എത്തി. തുറന്ന ജീപ്പിൽ പ്രത്യേകമായി ഫുട്ബാളിന്‍റെ ഭാഗ്യമെന്ന്​ കരുതുന്ന സൽമാനും എത്തി. മുൻ ഇന്ത്യൻ ഫുട്ബാൾ താരം അജയകുമാർ, മുൻ കേരള താരങ്ങളായ ഷറഫലി, കെ.ടി. ചാക്കോ, കുരികേശ് മാത്യു എന്നിവരും എത്തിയിരുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഷാജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ, ജനപ്രതിനിധികൾ, വ്യാപാരികൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.