ജാമ്യവ്യവസ്ഥകൾ ലംഘിച്ച കൊലക്കേസ് പ്രതിയെ വീണ്ടും ജയിലിലടച്ചു

കൊല്ലം: ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് കൊലക്കേസ് പ്രതിയെ വീണ്ടും ജയിലിലടച്ചു. കരുനാഗപ്പള്ളി കുഴിവേലിമുക്ക് സുജിത്ത് എന്ന ലാലിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കരുനാഗപ്പള്ളി ആദിനാട് സ്വദേശി ഷെഹിൻഷാ എന്ന ജിത്തുവിനെയാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന്​ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (111) കോടതി റിമാൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയായി വിചാരണ തുടങ്ങാനിരുന്ന കേസിലാണ് ക്രൈംബ്രാഞ്ചിന്‍റെ ഇടപെടൽ മൂലം കോടതി പ്രതിയെ റിമാൻഡ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം ക്രൈംബ്രാഞ്ച് ഡീറ്റക്റ്റിവ് ഇൻസ്‌പെക്ടർ എം.ടി. ഉമറുൽ ഫാറൂഖിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. കൊലപാതകക്കേസിൽ ഹൈകോടതിയുടെ ജാമ്യം നേടിയ പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ച്​ വീണ്ടും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെത്തുടർന്ന് കൊല്ലം ക്രൈം ബ്രാഞ്ച് എസ്.പി പ്രേംകുമാറിന്‍റെ നിർദേശാനുസരണം ഡിവൈ.എസ്.പി നസീറിന്‍റെ മേൽനോട്ടത്തിൽ സി.ഐ ഉമറുൽ ഫാറൂഖ്, സബ് ഇൻസ്‌പെക്ടർ വേണുഗോപാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിവേക്, ഹരീഷ്, ക്രിസ്റ്റഫർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.