വിസ്മയ കേസ്​: ഫോൺ സംഭാഷണങ്ങൾ തെളിവായി അംഗീകരിക്കരുതെന്ന് പ്രതിഭാഗം

റെക്കോഡ് ചെയ്ത സംഭാഷണത്തിന്‍റെ നിയമസാധുത കോടതി വിലയിരുത്തിയിട്ടുണ്ടെന്നും പ്രതിയിൽനിന്ന് വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ കൊല്ലം: വിസ്മയ കേസിൽ സുപ്രധാന തെളിവുകളിൽപെട്ട ഫോൺ സംഭാഷണങ്ങൾ തെളിവായി അംഗീകരിക്കരുതെന്ന് പ്രതിഭാഗം. സംഭാഷണങ്ങൾ പ്രതിയുടെയും വിസ്മയയുടെയും ആണെങ്കിലും തെളിവായി അംഗീകരിക്കാൻ പാടില്ലെന്ന് അഭിഭാഷകൻ പ്രതാപചന്ദ്രൻപിള്ള വാദിച്ചു. അന്വേഷണം പൂർത്തിയായശേഷം ശാസ്ത്രീയ പരിശോധനയിൽ ലഭിച്ച സംഭാഷണം സംബന്ധിച്ച് പ്രതിയിൽനിന്ന് വിശദീകരണം തേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. 1963 മുതൽ റെക്കോഡ് ചെയ്ത സംഭാഷണത്തിന്‍റെ നിയമസാധുത കോടതി വിലയിരുത്തിയിട്ടുണ്ടെന്നും പ്രതിയിൽനിന്ന് വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് മറുവാദം ഉന്നയിച്ചു. വിസ്മയക്ക് പിതാവ് നൽകിയ കാർ സമ്മാനം മാത്രമാണെന്നും കിരൺകുമാർ ആവശ്യപ്പെട്ട് നൽകിയതല്ലെന്നും അതിനാൽ സ്ത്രീധനത്തിന്‍റെ പരിധിയിൽ വരുന്നില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. സമ്മാനമായി നൽകിയതാണെങ്കിലും സ്ത്രീധന നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നും സമ്മാനമായി നൽകുന്ന ഒരു സംഗതിയുടെ ഗുണമേന്മയെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ ഭർത്താവ് തർക്കം ഉന്നയിക്കുന്നതോടെ 'സമ്മാനം' എന്ന വാക്കിന്‍റെ പരിധിയിൽനിന്ന് അത് സ്ത്രീധനമായി മാറുമെന്നും പ്രോസിക്യൂഷൻ ഉന്നയിച്ചു. വിസ്മയ ഫോണിലൂടെ പീഡനങ്ങളെക്കുറിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞത് മറ്റുള്ളവരിൽനിന്ന് അനുതാപം ലഭിക്കുന്നതിനുവേണ്ടി മാത്രമാണെന്നും അത് തെളിവായി സ്വീകരിക്കരുതെന്നും വിസ്മയ ആത്മഹത്യ ചെയ്തത് സ്ത്രീധനവുമായി ബന്ധപ്പെട്ടല്ലെന്നും സ്വാഭാവികമായി ഉണ്ടാകുന്ന വഴക്കിനപ്പുറം ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. മാധ്യമപ്രവർത്തകരെ സാക്ഷികളായി പട്ടിക ഹാജരാക്കിയിരുന്നെങ്കിലും ആരെയും പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചില്ല. പ്രതിഭാഗത്തുനിന്ന് രണ്ട് സാക്ഷികളെയും 40 രേഖകളും ഹാജരാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.