കുളത്തൂപ്പുഴ: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കുളത്തൂപ്പുഴ ടൗണിനെ രക്ഷിക്കാന്‍ ഗതാഗതപരിഷ്കരണത്തിന് പദ്ധതി ഒരുങ്ങുന്നു. ജങ്ഷനിലെ എല്ലാ അനധികൃത പാര്‍ക്കിങ്ങുകളും ഒഴിവാക്കും. വാഹനങ്ങള്‍ക്ക് പ്രത്യേക വണ്ടിത്താവളങ്ങള്‍ അനുവദിക്കും. പ്രദേശത്തെ ഓട്ടോറിക്ഷകള്‍ക്ക് നമ്പര്‍ക്രമം ഏര്‍പ്പെടുത്തി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ വിതരണം ചെയ്യുമെന്നും പുറമേനിന്ന് എത്തുന്ന വാഹനങ്ങള്‍ അംഗീകൃത സ്റ്റാൻഡില്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
ആനക്കൂട് കവല മുതല്‍ വനശ്രീകേന്ദ്രം വരെയും ഗ്രാമപഞ്ചായത്ത് ഓഫിസ് കവല മുതല്‍ കൈതക്കാട് ഇന്ധന വിതരണകേന്ദ്രം വരെയുമുള്ള പാതയുടെ ഒരുവശത്തും പൊതുചന്ത പ്രവര്‍ത്തിക്കാത്ത ദിവസങ്ങളില്‍ ചന്തക്കുള്ളിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ട്രാഫിക് വാര്‍ഡനെ നിയമിച്ച് പാര്‍ക്കിങ് ഫീസ് ഇനത്തില്‍ നിശ്ചിത തുക ശേഖരിച്ച് വേതനം നല്‍കും.
സെന്‍ട്രല്‍ ജങ്ഷനില്‍ സ്വകാര്യ ബസുകള്‍ക്കും കെ.എസ്.ആര്.ടി.സി ബസുകൾക്കും യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും പ്രത്യേക മാനദണ്ഡങ്ങള്‍ നടപ്പാക്കും. നിലവിലുള്ള നാല് ഓട്ടോറിക്ഷാ സ്റ്റാൻഡുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം ഒരേസമയം 10 വാഹനങ്ങളില്‍ കൂടുതല്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. സവാരി പുറപ്പെടുന്ന മുറക്ക് മാത്രമാണ് മറ്റ് ഓട്ടോറിക്ഷകള്‍ ക്രമം പാലിച്ച് സ്റ്റാൻഡില്‍ സവാരിക്കായി എത്താന്‍ അനുവദിക്കുകയുള്ളൂ. ഇത്തരത്തില്‍ ഒട്ടേറെ തീരുമാനങ്ങളാണ് കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
യോഗ തീരുമാനങ്ങള്‍ പൊതുജന ശ്രദ്ധക്കായി പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതിനുവേണ്ടി മൂന്ന് ദിവസം അനുവദിക്കും. തുടര്‍ന്ന് അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആഗസ്റ്റ് ഒന്നു മുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാനാണ് ആലോചിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി വ്യക്തമാക്കി.
യോഗത്തില്‍ കുളത്തൂപ്പുഴ സി.ഐ അനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു എബ്രഹാം, ചന്ദ്രകുമാര്‍, സുഭിലാഷ് കുമാര്‍, സെക്രട്ടറി ഷിബുകുമാര്‍, വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജോര്‍ജ്ജ് വർഗീസ് പുളിന്തിട്ട, പൊലീസ് ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്.ടി.സി, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, ഓട്ടോ-ടാക്സി തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.