പുനലൂർ- കൊല്ലം പാതയിൽ പാസഞ്ചറിന് പകരം മെമു വരുന്നു

ഈമാസം 30 മുതൽ മെമു ഓടിത്തുടങ്ങും പുനലൂർ: പുനലൂർ- കൊല്ലം പാതയിൽ കൂടുതൽ യാത്രക്കാർ ആശ്രയിച്ചിരുന്ന പാസഞ്ചറിന് പകരം മെമു വരുന്നു. ദക്ഷിണ റെയിൽവേ ചൊവ്വാഴ്ച അനുവദിച്ച ആറു ട്രെയിനുകളുടെ കൂട്ടത്തിലാണ് പുനലൂർ- കൊല്ലം പാതയിൽ അൺ റിസർവേഡ് എക്സ്​പ്രസ് (മെമു) അനുവദിച്ചത്. യാത്രക്കാർ കൂടുതൽ ആശ്രയിച്ചിരുന്ന വൈകുന്നേരത്തെ പാസഞ്ചർ പുനരാംഭിക്കുന്നതിൽ തീരുമാനമായില്ല. ട്രെയിൻ നമ്പർ 06669 പുനലൂർ- കൊല്ലം, 06670 കൊല്ലം-പുനലൂർ എന്നിവയാണ് ട്രെയിനുകൾ. കോവിഡ് നിയന്ത്രണങ്ങളെതുടർന്ന് മുമ്പ് രാവിലെ കൊല്ലത്തുനിന്ന് പുനലൂരിലേക്കും തിരിച്ചും ഉണ്ടായിരുന്ന പാസഞ്ചർ നിർത്തിയിരുന്നു. ഈ ലൈനിലെ എക്സ്​പ്രസ് അടക്കം മറ്റ് ട്രെയിനുകൾ എല്ലാം പുനരാരംഭിച്ചിട്ടും രാവിലത്തെ പാസഞ്ചർ തുടങ്ങാത്തതിനെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്ന്​ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. രാവിലെ 6.15ന് കൊല്ലത്തുനിന്ന്​ പുറപ്പെടുന്ന മെമു 7.40ന് പുനലൂരിൽ എത്തും. പുനലൂരിൽനിന്ന്​ 8.15 ന് പുറപ്പെട്ട് 9.40ന്​ കൊല്ലത്തെത്തും. മൊത്തം എട്ട് ബോഗികളാണുള്ളത്. ഈമാസം 30 മുതൽ മെമു ഓടിത്തുടങ്ങും. ലൈനിൽ വൈദ്യുതീകരണം പൂർത്തീകരിച്ച് സുരക്ഷ പരിശോധന നടത്തിയെങ്കിലും ഇതുവരെ കമീഷൻ ചെയ്തിട്ടില്ല. ശേഷിക്കുന്ന ജോലികൾ പൂർത്തിയായില്ലെങ്കിൽ മെമുവിന് പകരം പാസഞ്ചറായി സർവിസ് നടത്തും. കിഴക്കൻ മേഖലയിലും അതുപോലെ ആവണീശ്വരം, കുരി തുടങ്ങിയ ഗ്രാമീണ മേഖലയിലുമുള്ള ജനങ്ങൾ കൊല്ലം ഭാഗത്തേക്ക് എത്താൻ കൂടുതൽ ആശ്രയിച്ചിരുന്നത് രാവിലത്തെ പാസഞ്ചറിനെയായിരുന്നു. രാവിലെ പുനലൂർനിന്ന്​ കൊല്ലത്തേക്ക് രണ്ടു ട്രെയിനുകളുണ്ടെങ്കിലും എക്സ്​പ്രസ് ആയതിനാൽ ഹാൾട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല. കൂടാതെ ഏഴിന് മുമ്പ് ഇത് പോകുന്നതിനാൽ വിദ്യാർഥികളടക്കമുള്ളവർക്ക് പ്രയോജനമില്ലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.