വരൾച്ച രൂക്ഷമായി കരുനാഗപ്പള്ളി പടിഞ്ഞാറൻ മേഖല

കൂടുതൽ സ്ഥലങ്ങളിൽ ടാങ്കറിൽ കുടിവെള്ളമെത്തിക്കാൻ കഴിയുന്നില്ല കരുനാഗപ്പള്ളി: രൂക്ഷമായ വരൾച്ചയിൽ കരുനാഗപ്പള്ളി നഗരസഭയിലെ പടിഞ്ഞാറൻ മേഖല. എന്നാൽ, ഈ സാഹചര്യത്തിലും കൂടുതൽ സ്ഥലങ്ങളിൽ ടാങ്കറിൽ കുടിവെള്ളമെത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്​. കലക്ടറുടെ അനുമതി ലഭിക്കാത്തതാണ് കൂടുതൽ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ കഴിയാത്തതിന്​ കാരണം. നിലവിൽ നഗരസഭയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഏതാണ്ട് 18ഓളം ഡിവിഷനുകളിൽ കുടിവെള്ള പ്രശ്നമുണ്ട്​. ആലപ്പാട്​ തീരമേഖലയിലും സ്ഥിതി മോശമാണ്​. പൈപ്പ് വെള്ളം ലഭിക്കാത്തതും കുഴൽകിണറുകൾ എല്ലാം തകരാറിലായതുമാണ് നാടിനെ ദുരിതത്തിലാക്കിയത്​. ഓച്ചിറ കുടിവെള്ള പദ്ധതിയിലൂടെ ലഭിച്ചിരുന്ന വെള്ളവും പരിമിതമാണ്. പ്രതിദിനം ഒന്നരലക്ഷം ലിറ്റർ വെള്ളം ടാങ്കർ ലോറികളിൽ നഗരസഭ വിതരണം ചെയ്യുന്നുണ്ട്​. 22, 23 വാർഡുകളിലാണ് കുടിവെള്ളം നൽകാൻ അനുമതിയുള്ളത്. എങ്കിലും ആവശ്യം പരിഗണിച്ച് ദിവസവും മിക്ക വാർഡുകളിലും അഞ്ച് ടാങ്കറുകൾ വഴി വെള്ളം നൽകുന്നതായി നഗരസഭ അധികൃതർ പറയുന്നു. എന്നാൽ, ഇത്​ പ്രാഥമിക ആവശ്യങ്ങൾക്ക്​ പോലും തികയുന്നില്ല. വിതരണം വിപുലമാക്കാൻ, കഴിഞ്ഞ ഒരുമാസമായി കലക്ടറുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ്​ അധികൃതർ വിശദീകരിക്കുന്നത്​. പ്രതിസന്ധി പരിഹരിച്ച്​ കൂടുതൽ സ്ഥലങ്ങളിൽ ടാങ്കർവഴി വെള്ളം എത്തിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ്​ നാട്ടുകാർ ഉയർത്തുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.