ഉപയോഗമില്ലാത്ത കെ.ഐ.പി കനാൽ ഡീകമീഷൻ ചെയ്യണമെന്ന്​

കരുനാഗപ്പള്ളി: ശൂരനാട്പഞ്ചായത്തിൽ നിന്ന് തുടങ്ങി കുലശേഖരപുരം പഞ്ചായത്തിന്‍റെ തീരമേഖലയിൽ അവസാനിക്കുന്ന കെ.ഐ.പിയുടെ കനാൽ ഭാഗം ഡീകമീഷൻ ചെയ്യണമെന്ന ആവശ്യം ഉയർന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കൃഷിക്ക്​ ആവശ്യമായ വെള്ളം എത്തിക്കുന്നതിനായി 700 കോടി രൂപ ​െചലവിൽ 1986 ലാണ് കെ.ഐ.പി കനാൽ നിർമാണം പൂർത്തിയാക്കിയത്. പദ്ധതിയുടെ ഗുണഭോക്തൃപ്രദേശമായ കരുനാഗപ്പള്ളി താലൂക്കിൽ നിർമാണം പൂർത്തിയാക്കിയ ശേഷം പരീക്ഷണാടിസ്ഥാനത്തിൽ പോലും കാര്യമായി വെള്ളമെത്തിക്കാൻ കെ.ഐ.പിക്ക്​ കഴിഞ്ഞില്ല. നിർമാണത്തിലെ അശാസ്ത്രീയതയാണ് കനാൽ ഉപയോഗശൂന്യമാകാൻ കാരണമായതെന്ന ആരോപണം തുടക്കം മുതൽ ഉയർന്നിരുന്നു. പിന്നീട് ഇക്കാര്യത്തിൽ യാതൊരു നടപടികളും ഉണ്ടായില്ല. വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന കനാൽ ഇപ്പോൾ സ്ഥലത്തെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രമായി മാറി. തഴവ മുതൽ കുലശേഖരപുരം വള്ളിക്കാവ് വരെ 13 കിലോമീറ്റർ നീളത്തിലാണ് കനാൽ കടന്നുപോകുന്നത്. ഉപയോഗശൂന്യമായി കിടക്കുന്ന കനാൽ ഡീകമീഷൻ ചെയ്താൽ നിരവധി പദ്ധതികൾക്ക് ആരോഗ്യകരമായി ഉപയോഗിക്കാൻ കഴിയും. കരുനാഗപ്പള്ളി-കുന്നത്തൂർ താലൂക്കുകളിൽ നടപ്പാക്കുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പ്രധാനപൈപ്പുകൾ സ്ഥാപിക്കുന്നതിന് കനാൽ ഭാഗം ഉപയോഗിച്ചാൽ പദ്ധതി ​െചലവിൽ കോടിക്കണക്കിന് രൂപ ലാഭിക്കാൻ സർക്കാറിന് കഴിയും. തഴവ മണപ്പള്ളി മുതൽ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ജങ്ഷൻ വരെയുള്ള കനാൽ ഭാഗം കുടിവെള്ള പദ്ധതി പൈപ്പ് കടന്നുപോകുന്നതിന് യോഗ്യമായതിനാൽ അധ്വാനവും കാലതാമസവും ഒഴിവാകും. പതിമൂന്ന് കിലോമീറ്റർ കനാൽ ഭാഗം ഡീകമീഷൻ ചെയ്യുന്നതിന് മന്ത്രിസഭതീരുമാനം ആവശ്യമായതിനാൽ ഇക്കാര്യത്തിൽ സ്ഥലം എം.എൽ.എയുടെ അടിയന്തര ഇടപെടലുകളും ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ചിത്രങ്ങൾ : തഴവയിലും കുലശേഖരപുരത്തും കെ.ഐ.പി കനാൽ മാലിന്യം നിറഞ്ഞ് മേൽമൂടിയും തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.