നെടുവത്തൂർ കുടിവെള്ള പദ്ധതി; ഒന്നാം ഘട്ടത്തിന് 29.40 കോടി

* റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചത് കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലും കൊട്ടാരക്കര നഗരസഭയിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 29.40 കോടി രൂപ അനുവദിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ ഇടപെട്ട് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചത്. കേന്ദ്ര പദ്ധതിയായ അമൃതിലൂടെ പണം ലഭിക്കുമെന്നായിരുന്നു ആദ്യ പ്രതീക്ഷ. അത്​ നടപ്പാകാതെ വന്നതോടെയാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ പദ്ധതി ഉൾപ്പെടുത്തിയത്. കല്ലടയാറ്റിൽ കുന്നത്തൂർ മണ്ഡലത്തിലെ തെങ്ങോലിക്കടവിൽ കിണർ നിർമാണം, നഗരസഭയിലെ ഉഗ്രൻകുന്നിൽ 16 എം.എൽ.ഡി ശുദ്ധീകരണശാല നിർമാണം, ഉഗ്രൻകുന്നിൽ പ്രധാന ജലസംഭരണികളുടെ നിർമാണം, തെങ്ങോലി കടവിൽനിന്ന് ഉഗ്രൻകുന്നിലേക്കുള്ള 11 കിലോമീറ്റർ പ്രധാന കുടിവെള്ളക്കുഴൽ സ്ഥാപിക്കൽ, പമ്പുസെറ്റുകളുടെ സ്ഥാപനം എന്നിവയാണ് ഒന്നാം ഘട്ടത്തിൽ നടത്തുക. നഗരസഭയിലും പഞ്ചായത്തിലുമായി ആറിടങ്ങളിൽ ചെറു സംഭരണികളുടെ സ്ഥാപനം, 300 കി.മീറ്റർ വിതരണക്കുഴലുകൾ സ്ഥാപിക്കൽ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. 130 കോടിയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. 100 കോടി രൂപകൂടി കണ്ടെത്തിയാലേ പദ്ധതി യാഥാർഥ്യമാകൂ. ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനായി നഗരസഭ ഉഗ്രൻകുന്നിൽ ഒന്നരയേക്കർ സ്ഥലം വാങ്ങുന്നതിനുള്ള നടപടി തുടങ്ങി. ഇതിന് സമീപം തന്നെ നെടുവത്തൂരിലേക്കുള്ള സ്ഥലം വാങ്ങാനുള്ള നടപടികൾ പഞ്ചായത്തും തുടങ്ങി. സ്ഥലം വാങ്ങൽ വേഗത്തിൽ പൂർത്തിയാക്കാൻ നഗരസഭയോടും പഞ്ചായത്തിനോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തമായി കുടിവെള്ള പദ്ധതിയില്ലാത്ത കൊട്ടാരക്കരയിലും നെടുവത്തൂരിലും വേനൽക്കാലത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാണ്. കുണ്ടറ പദ്ധതിയിലൂടെയുള്ള വിതരണം മാത്രമാണ് രണ്ടിടങ്ങളിലുമുള്ളത്. ഉയർന്ന പ്രദേശങ്ങളിലൊന്നും ജലമെത്തുന്നുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ കുടിവെള്ള പദ്ധതി വേണമെന്ന ആവശ്യമുയർന്നത്. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ കുടിവെള്ള വിതരണം, മലിന ജലനിർമാർജനം എന്നിവക്കുള്ള കേന്ദ്ര പദ്ധതിയായ അമൃതിൽ ഉൾപ്പെടുത്തി കൊട്ടാരക്കര നഗരസഭയിലെ കുടിവെള്ള പദ്ധതി നടപ്പാക്കാമെന്നായിരുന്നു ധാരണ. ഇതിനുള്ള നടപടികൾ ഉണ്ടാകാതിരുന്നതോടെയാണ് കൊട്ടാരക്കര എം.എൽ.എ കൂടിയായ ധനമന്ത്രി ഇടപെട്ട് ഒന്നാം ഘട്ടത്തിന് പണം അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.