പൂജ്യത്തിൽ നിന്ന് തുടങ്ങി 92 ശതമാനം മാർക്ക് വാങ്ങുക ആർക്കും എളുപ്പമല്ല. കൊല്ലം ജില്ല ആശുപത്രിക്കും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്ക് മാലിന്യത്തിന് പേരുകേട്ട ആ സ്ഥാപനം പക്ഷേ, സംസ്ഥാനത്ത് ശുചിത്വത്തിന് ഒന്നാം സ്ഥാനം നേടിയിരിക്കുന്നു, 92. 75 എന്ന അഭിമാനാർഹമായ സ്കോറോടെ. ശുചിത്വം, അണുബാധ നിയന്ത്രണം എന്നീ മേഖലയിലെ മികവിന് 'കായകൽപ്' പുരസ്കാരത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത് എത്തിയപ്പോൾ തൊട്ടുചേർന്ന് നിൽക്കുന്നത് എറണാകുളം ജനറൽ ആശുപത്രിയാണ്. ഒറ്റരാത്രി കൊണ്ടുണ്ടായ മാറ്റമല്ല ഈ നേട്ടം കൊണ്ടുവന്നത്. ഏതാനും വർഷങ്ങളായി കഠിനപ്രയത്നത്തിലൂടെ നേടിയെടുത്തതാണ് എന്ന് ജില്ലയിലെ ആരോഗ്യ നേതൃത്വം ഒന്നാകെ സാക്ഷ്യം പറയുന്നു. ഇന്ന് കൊല്ലം ജില്ല ആശുപത്രിയിൽ പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്ക് ഇല്ല. അതെല്ലാം പഴയ കഥ. ശുചീകരണത്തിനും മാലിന്യ സംസ്കരണത്തിനും അണുബാധ നിയന്ത്രണത്തിലുമെല്ലാം സംസ്ഥാനത്ത് മറ്റേതൊരു ആശുപത്രിയോടും കിടപിടിക്കുന്ന സംവിധാനമാണ് കൊല്ലത്തിന്‍റെ സ്വന്തം എ.എ. റഹീം മെമ്മോറിയൽ ആശുപത്രിയിലും ഇന്നുള്ളത്. സി.ടി, എം.ആർ.ഐ, ലബോറട്ടറി എന്നിങ്ങനെ സേവനങ്ങളെല്ലാം സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് മൂന്നിലൊന്ന് നിരക്കിലാണ് ഇവിടെ ലഭ്യമാകുന്നത്. ആർദ്രം മിഷന്‍റെയും ജില്ല പഞ്ചായത്തിന്‍റെയും വിവിധ പദ്ധതികളും നല്ല രീതിയിൽ യാഥാർഥ്യമാക്കിയതും ആശുപത്രിയുടെ മികവുയർത്തി. കായകൽപ് എന്ന മികവ് എത്തിയതോടെ ഇനി എൻ.ക്യു.എ.എസ് നേടാനുള്ള തയാറെടുപ്പിലാണ് ആശുപത്രിയും ആരോഗ്യവകുപ്പും. ............................ ജീവനക്കാരുടെ ഒത്തൊരുമ കോവിഡ് കാരണം നഷ്ടത്തിലായ സർക്കാർ ആശുപത്രിക്ക് പെയിന്‍റ് അടിക്കാൻ ജീവനക്കാർ തന്നെ മുന്നിട്ടിറങ്ങുന്ന അപൂർവത. പുറത്ത് നിന്ന് ആളെ നിർത്തി ജോലി ചെയ്യിക്കാൻ സ്വന്തം ശമ്പളം പകുത്തുനൽകുന്ന മാതൃക. കൊല്ലം ജില്ല ആശുപത്രിയുടെ നേട്ടത്തിന് പിന്നിൽ സ്ഥാപനത്തെ സ്വന്തമായി കണ്ട് സ്വാർഥതയില്ലാതെ പ്രവർത്തിച്ച ഒരു സംഘം ജീവനക്കാരുടെ പങ്ക് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ശുചീകരണത്തിനായാലും ആശുപത്രി ഇതര ജോലികൾക്കായാലും മുന്നിട്ടിറങ്ങുന്ന ജീവനക്കാർ എൻ.എച്ച്.എം അധികൃതരെയും അതിശയിപ്പിച്ചു. പച്ചക്കറി, ഔഷധസസ്യം, പൂന്തോട്ടം എന്നിങ്ങനെ ആശുപത്രി പരിസരത്തിന്‍റെ മുഖച്ഛായ മാറ്റിയ പ്രവർത്തനങ്ങളിൽ എല്ലാം ജീവനക്കാരുടെ പങ്ക് എടുത്തുപറയേണ്ടതാണ്. ............................ നിസ്വാർഥ പ്രവർത്തനത്തിന്‍റെ വിജയം വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ജില്ല ആശുപത്രി ഇന്ന് അടിമുടി മാറിയിരിക്കുന്നു. ഇതിനായി പ്രയത്നിച്ച ജീവനക്കാരുടെ നിസ്വാർഥ പ്രവർത്തനത്തിന്‍റെ വിജയമാണ് പുരസ്കാര നേട്ടം. വിവിധ പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ കഴിയുന്നതും മികവിന് കാരണമാണ്. ദേശീയ നിലവാരത്തിലേക്ക് ഉയരാനുള്ള പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുപോകുന്നു. വൈകാതെ ആ നേട്ടവും സ്വന്തമാക്കാനാകും. ഡോ. വസന്തദാസ്, കൊല്ലം ജില്ല ആശുപത്രി സൂപ്രണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.