കൊല്ലം: ജില്ലയില്‍ പത്ത് വയസ്സുള്ള ആണ്‍കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത നിർദേശം. പത്തനാപുരം തലവൂർ സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 മുതലാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടുതുടങ്ങിയത്. തുടർന്ന്, തലവേദനയും പനിയും കടുത്തതോടെ 12ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളിൽ മസ്തിഷ്കജ്വരം സംശയിച്ച ഡോക്ടർമാർ തിരുവനന്തപുരം എസ്.എ.ടിയിലേക്ക് റഫർ ചെയ്തു. 13ന് എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിക്ക് അവിടെ വെച്ചാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. എസ്.എ.ടിയിൽ വിദഗ്ധ ചികിത്സയിലാണ് കുട്ടി.
തലവൂർ പഞ്ചായത്തിൽ മൂന്നാം വാർഡായ തത്തമംഗലത്തുള്ള വലിയതോട്ടിലെ വെള്ളത്തിൽ നിന്നാണ് രോഗപ്പകർച്ച ഉണ്ടായതെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് തത്തമംഗലം ഉത്താംപടി ജങ്ഷന് സമീപത്തുള്ള തോട്ടിലെ ഒഴുക്ക് നിലച്ച ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം കുട്ടി മീൻ പിടിക്കാൻ ഇറങ്ങിയിരുന്നു. തോട്ടിൽ നിന്നുള്ള വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യപ്രവർത്തകർ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച ജില്ല സർവൈലൻസ് ഓഫിസറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് വിശദ പരിശോധനകൾ നടത്തും. തോട്ടിൽ കുട്ടികൾ ഉൾപ്പെടെ മറ്റാരെങ്കിലും കുളിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ വിവരങ്ങൾ ശേഖരിക്കും.
ജില്ലയിൽ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലതല ആര്.ആര്.ടി യോഗം ചേര്‍ന്ന് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ജലാശയങ്ങള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ആരോഗ്യവകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആര്.ആര്.ടി യോഗത്തില്‍ പങ്കെടുത്തു.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധയുണ്ടായാല്‍ ഒന്നുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ.
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവ.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.
വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
സ്വിമ്മിങ് പൂളുകളില്‍ നീന്തുന്നവരും നീന്തല്‍ പഠിക്കുന്നവരും മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്കില്‍ വെള്ളം കയറാത്ത രീതിയില്‍ തല ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുക.
നിലവിലെ സാഹചര്യത്തില്‍ കുളങ്ങള്‍ പോലുള്ള ജലസ്രോതസ്സുകളില്‍ കുളിക്കരുത്.
മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂർണമായും ഒഴിവാക്കണം
കൊട്ടാരക്കര: മസ്തിഷ്ക ജ്വര ലക്ഷണം കണ്ടപ്പോൾ തന്നെ രോഗിയായ കുട്ടിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് മാറ്റിയെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി ആർ.എം.ഒ സഞ്ജീവ്. 12ന് രാവിലെ പനിയും തലവേദനയുമായിട്ടാണ് തലവൂർ സ്വദേശിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
പരിശോധിച്ച ശേഷം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആസമയം കുട്ടിക്ക് ഗുരുതര ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു. ആന്റിബയോട്ടിക്ക് ഇഞ്ചക്ഷൻ ആരംഭിച്ചിട്ടും കുട്ടിയുടെ സ്ഥിതിയിൽ മെച്ചമുണ്ടായില്ല. രാത്രി 12ഓടെ കുട്ടിക്ക് ഛർദ്ദിലും കടുത്ത തലവേദനയും ഉണ്ടായപ്പോഴാണ് മെനിഞ്ചൈറ്റിസ് ആണെന്ന നിഗമനത്തിൽ ഡോക്ടർ എത്തിയത്. ഉടൻ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ആർ.എം.ഒ പറഞ്ഞു.
ജില്ലയില്‍ ജലാശയത്തില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം. പൊതുജനങ്ങള്‍ ആരോഗ്യവകുപ്പ് നല്കുന്ന നിർദേശങ്ങള്‍ പാലിക്കണം.
ഡോ. എ.അനിത (ജില്ല മെഡിക്കല്‍ ഓഫിസര്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.