ശാസ്താംകോട്ട: നിർമാണം പൂർത്തീകരിച്ച ശൂരനാട് തെക്ക് വില്ലേജ് ഓഫിസ് കെട്ടിട ഉദ്ഘാടനം വൈകുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ റവന്യൂ മന്ത്രി കെ. രാജൻ ശിലാസ്ഥാപനം നിർവഹിച്ച് ഏറെ വൈകാതെ തന്നെ കെട്ടിടത്തിന്റെ പണിപൂർത്തിയായിരുന്നു.
പുതിയ കെട്ടിടം പണിത സ്ഥലത്ത് നിന്ന് ഒഴിപ്പിച്ച മൂന്ന് കുടുംബങ്ങൾക്കുപകരം നൽകിയ വസ്തുവിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള കാലതാമസമാണ് കെട്ടിട ഉദ്ഘാടനം വൈകുന്നതിന് കാരണം. സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിട നിർമാണ പദ്ധിപ്രകാരം റവന്യൂ വകുപ്പിന്റെ 46 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.
പതാരം ജങ്ഷനിലായിരുന്നു നിലവിലെ വില്ലേജ് ഓഫിസ് പ്രവർത്തിച്ചുവന്നിരുന്നത്. കാലപ്പഴക്കം മൂലം സമീപത്തെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവർത്തനം ഏഴുവർഷം മുമ്പ് മാറ്റിയിരുന്നു. പിന്നീട് പുതിയ വില്ലേജ് ഓഫിസ് കെട്ടിടത്തിന് തുക അനുവദിച്ചതോടെ പതാരം ജങ്ഷനിൽത്തന്നെ പണിയണമെന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിൽ റോഡ് പുറമ്പോക്ക് ഭൂമി പി.ഡബ്ല്യു.ഡി കെട്ടിടം പണിയാൻ റവന്യൂ വകുപ്പിന് കൈമാറുകയായിരുന്നു. എന്നാൽ ഈ ഭൂമിയിൽ മൂന്ന് കൈവശക്കാരുണ്ടായിരുന്നു.
ഒഴിപ്പിക്കുമ്പോൾ ഇവർക്കായി പകരം ഭൂമി കണ്ടെത്തിയത് കുളം പുറമ്പോക്കായിരുന്നു. ഇത് ഒഴിവാക്കി പട്ടയം നൽകിയിട്ട് കെട്ടിട ഉദ്ഘാടനം നടത്തിയാൽ മതി എന്ന നിലപാട് ജനപ്രതിനിധികൾ എടുത്തതോടെ ഉദ്ഘാടനം നീളുകയായിരുന്നു. ഇവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ നടക്കുന്നതേയുള്ളു. നടപടികൾ ഇനിയും വൈകുമെന്നാണ് സൂചന. കെട്ടിടം പണിതിട്ടും വില്ലേജ് ഓഫിസ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.