കൊല്ലം: ശാസ്താംകോട്ടയിൽ ശുദ്ധജലമെത്തുന്ന പൈപ്പ് ലൈൻ ദിവസങ്ങൾക്ക് മുമ്പ് ചവറ പാലത്തിന് സമീപം പൊട്ടിയതിനെ തുടർന്ന് ജലവിതരണം മുടങ്ങിയതിൽ ചെറുവള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ പോയ വീട്ടമ്മ വള്ളം മറിഞ്ഞ് മരിച്ചതിൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. 10 ദിവസത്തോളമായി തുരുത്തുകളിൽ ജലക്ഷാമം രൂക്ഷമാണ്. ടാങ്കറിൽ എത്തിക്കുന്ന വെള്ളം നിശ്ചിത അളവിൽ മാത്രമാണ് ഓരൊ കുടുംബങ്ങൾക്കും നൽകുന്നത്. ഇതിനെത്തുടർന്ന് കാവനാട് പുത്തൻതുരുത്തിൽ സേവ്യർ ഭവനിൽ സെബാസ്റ്റ്യന്റെ ഭാര്യ സന്ധ്യ മകനുമൊത്ത് പാലമൂട്ടിൽ കടവിലെ ഐസ് പ്ലാന്റിൽനിന്ന് ചെറുവള്ളത്തിൽ കുടിവെള്ളം ശേഖരിച്ച് മടങ്ങവെ വള്ളം മറിഞ്ഞ് മരിച്ചിരുന്നു.
സംഭവത്തിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃത്വത്തിൽ പ്രിതിഷേധം കൗൺസിൽ ഹാളിൽ ആളിക്കത്തി. കുടിവെള്ളപ്രശ്നത്തിൽ ഞാങ്കടവ് കുടിവെള്ള പദ്ധതി 2021 കമീഷൻ ചെയ്യുമെന്ന് പറഞ്ഞിട്ട് 2025 ലും നടപ്പാക്കാൻ കഴിയാത്തത് ഭരണമില്ലായ്മ മൂലമാണെന്നും കോർപറേഷന്റെയും ഭരണകക്ഷികളുടെയും കടുത്ത അനാസ്ഥയാണ് ഒരു ജീവൻ നഷ്ടപ്പെടുത്തിയതെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ജോർജ് ഡി. കാട്ടിൽ ആരോപിച്ചു. തിങ്കളാഴ്ച കൗൺസിൽ തുടങ്ങുന്നതിന് മുന്നേ ബി.ജെ.പി കൗൺസിലർമാർ കോർപറേഷനിൽ അഴിമതി ആരോപിച്ച് പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷിന്റെ നേതൃത്വത്തിൽ നിലത്തിരുന്ന് പ്രതിഷേധിച്ചു.
ഡിവിഷൻതലത്തിൽ റോഡുകളുടെ പ്രവൃത്തിക്ക് കരാറുകാർ തയാറാവാത്തതിലും ആശാവർക്കർ, അംഗൻവാടി ഹെൽപ്പർ തസ്തികകളിൽ അർഹതപ്പെട്ടവരെ ഒഴിവാക്കി ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമത്തിനെതിരെയും നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടുമായിരുന്നു സമരം. കരാർ ഏറ്റെടുത്ത ശേഷം പ്രവൃത്തി ചെയ്യാൻ കൂട്ടാക്കാത്തവരെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടർന്ന് മേയറും ഡെപ്യൂട്ടി മേയറും ചെയർമാൻമാരും കരാറുകാരെ ബന്ധപ്പെട്ട് ചൊവ്വാഴ്ച മുതൽ പ്രവൃത്തികൾ ചെയ്യാമെന്ന ഉറപ്പിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
അടുത്തദിവസം വർക്കുകൾ ആരംഭിച്ചില്ലെങ്കിൽ മറ്റന്നാൾ മുതൽ സമരം പുനരാരംഭിക്കാനാണ് തീരുമാനമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ് പറഞ്ഞു. കൗൺസിലർമാരായ ബി. ഷൈലജ, സജിതാനന്ദ് ടീച്ചർ, കൃപാവിനോദ്, രഘു വിക്രമൻ, പ്രവീൺ കടപ്പാക്കട, മധു ചാത്തിനാംകുളം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ ശക്തികുളങ്ങര മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന പരിഹാര നടപടികൾ ദ്രുതഗതിയിലാക്കിയതായി മേയർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു. കുടിവെള്ളം ശേഖരിച്ച് മടങ്ങവേ വള്ളം മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ച വിഷയത്തിന് മറുപടി പറയുകയായിരുന്നു മേയർ.
ജനങ്ങൾ കുടിവെള്ളക്ഷാമം തുടങ്ങിയപ്പോൾ മുതൽ കോർപറേഷന്റെ ജലസംഭരണ ലോറികളും ജലവകുപ്പിന്റെ ലോറികളും പ്രദേശത്തേക്ക് വിട്ടുനൽകിയിരുന്നു. എന്നാൽ, തുരുത്ത് പ്രദേശങ്ങളിൽ വള്ളത്തിൽ മാത്രമേ വെള്ളം കൊണ്ടുപോകാൻ കഴിയൂ എന്നത് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയിരുന്നതായും അതുപ്രകാരം പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് അനിഷ്ടസംഭവമെന്നും ചൊവ്വാഴ്ച രാത്രി തന്നെ വെള്ളമെത്തിക്കാനുള്ള പൈപ്പുകൾ ഇടുന്നത് പൂർത്തിയാക്കുമെന്നും മേയർ വ്യക്തമാക്കി. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷരായ ഗീതകുമാരി, എസ്. ജയൻ, യു. പവിത്ര, സുജ കൃഷ്ണൻ, സജീവ് സോമൻ, കൗൺസിലർമാരായ ഹണി ബെഞ്ചമിൻ, ദീപു ഗംഗാധരൻ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.