അഞ്ചൽ മലമേലിൽ കൈയേറ്റം നടന്ന സർക്കാർ വക ഭൂമി ഉൾപ്പെടുന്ന സ്ഥലം

മലമേൽ റവന്യൂ ഭൂമി കൈയേറ്റം: അധികൃതർ തെളിവെടുത്തു

അഞ്ചൽ: അറയ്ക്കൽ വില്ലേജിലെ മലമേൽ സർക്കാർ വക ഭൂമി ഓണാവധിദിനങ്ങളിൽ കൈയേറ്റം നടത്തിയത് റവന്യൂ സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ മെറ്റൽ ക്രഷർ ഉടമ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കൈയേറുന്നതായുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് കലക്ടർ റവന്യൂ, പൊലീസ് അധികൃതരോട് കൈയേറ്റം നിർത്തിവെപ്പിക്കാൻ നിർദേശം നൽകിയിരുന്നു.

ഇതേത്തുടർന്ന് അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ, പുനലൂർ താലൂക്ക് സ്പെഷൽ സ്ക്വാഡ് തഹസിൽദാർ ബാലചന്ദ്രൻ പിള്ള, വില്ലേജ് അസിസ്​റ്റൻറ് പ്രിയംവദ എന്നിവർ സ്ഥലത്തെത്തി പ്രവൃത്തികൾ നിർത്തിവെപ്പിച്ചു.തുടർന്നാണ് കഴിഞ്ഞദിവസം താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. നിർദിഷ്്ട മലമേൽ ടൂറിസം പദ്ധതിക്ക് വേണ്ടി വിട്ടുനൽകിയ റീസർവേ 268/7, 268/1 നമ്പറുകളിലുള്ള ഭൂമിയിലാണ് കൈയേറ്റശ്രമം നടന്നത്.

നേരത്തേ ഇവിടെ റവന്യൂ അധികൃതർ സ്ഥാപിച്ചിരുന്ന അതിർത്തിക്കല്ലുകൾ തകർത്തു. പുനലൂർ താലൂക്ക് ഹെഡ് സർവേയർ, അറയ്ക്കൽ വില്ലേജ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയത്.പരാതിക്കാരായ മലമേൽ പരിസ്ഥിതി സംരക്ഷണസമിതി ഭാരവാഹികളെ പങ്കെടുപ്പിക്കാതെ നടന്ന തെളിവെടുപ്പിനെതിരെ സമിതി പ്രതിഷേധിച്ചു.

ഹെഡ് സർവേയർ നടത്തിയ പരിശോധനയുടെ സ്കെച്ചും പ്ലാനും ഉൾപ്പെടെയുള്ള റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൈയേറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് തഹസിൽദാർ ആർ.എസ്. ബിജുരാജ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.