അഞ്ചൽ: അഞ്ചൽ-കുളത്തൂപ്പുഴ പാതയിൽ ആലഞ്ചേരി മുതൽ കൈതാടി വരെ വാഹനാപകടം പതിവായിട്ടും നടപടിയില്ല. ദിവസങ്ങൾക്ക് മുമ്പ് ആലഞ്ചേരിയിലെ പെട്രോൾ പമ്പിൽനിന്ന് പുറത്തേക്കു വന്ന ബൈക്ക് യാത്രികൻ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു.
ഇവിടം താഴ്ന്ന സ്ഥലമായതിനാൽ ഇരുഭാഗത്തുനിന്നും അമിതവേഗതയിലാണ് വാഹനങ്ങൾ വരുന്നത്. ബിവറേജസ് ഔട്ട്ലെറ്റും പെട്രോൾ പമ്പും അടുത്തടുത്തായതിനാൽ എപ്പോഴും തിരക്കാണിവിടെ.
വശങ്ങളിലെ ഓടകളടഞ്ഞ് മണ്ണ് മൂടിക്കിടക്കുന്നതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതുകാരണം ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നുണ്ട്. മഴവെള്ളം ടാറിങ്ങിനോട് ചേർന്നൊഴുകിയുണ്ടായ ചാലുകളിൽ വാഹനങ്ങൾ അകപ്പെട്ട് അപകടത്തിലാകുന്നതും പതിവാണ്.
ഈപ്രദേശം മലയോര ഹൈവേയുടെ ഭാഗമല്ലാത്തതിനാൽ റോഡ് വികസനങ്ങൾ നടക്കുന്നില്ല. റോഡരികിൽ അപകട മുന്നറിയിപ്പ് ബോർഡുകളോ റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്നാവശ്യവുമായി പൊതുമരാമത്ത് വകുപ്പധികൃതരെ ബന്ധപ്പെട്ടപ്പോൾ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.