കൊല്ലം: ആലപ്പുഴ ജില്ലയില്‍ കാക്കകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ല ആര്.ആര്.ടി യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കോഴി, താറാവ് എന്നിവയില്‍ നേരേത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാക്കകള്‍ 10 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന സാഹചര്യത്തില്‍ രോഗം പകരുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
മൃഗങ്ങളോ പക്ഷികളോ അസ്വാഭാവികമായി ചത്തുകിടക്കുന്നത് ശ്രദ്ധയിൽപെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയിലും ആരോഗ്യകേന്ദ്രത്തിലും അറിയിക്കണം. ഇൻഫ്ലുവന്‍സ പോലെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ അരുത്; ആശുപത്രിയില്‍ ചികിത്സതേടണം.
മൃഗസംരക്ഷണവകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, ഹോമിയോ, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍മാര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, കമ്യൂണിറ്റി മെഡിസിന് വിഭാഗം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രോഗം പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് സാധാരണഗതിയിൽ പകരാറില്ല. അത് അപൂര്‍വമാണ്. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപ്പക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തുപക്ഷികളുമായി ഇടപെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ രോഗബാധക്കെതിരായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.
രോഗബാധ സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കാലുറ, കൈയുറ, മുഖാവരണം എന്നിവ ധരിക്കണം. അതത് സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. നന്നായി പാചകംചെയ്ത ഇറച്ചി, മുട്ട, പാല് എന്നിവമാത്രം കഴിക്കണം.
ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം, കഫത്തില്‍ രക്തം, കണ്ണില്‍ ചുവപ്പ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇവ കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണം. രോഗബാധിതപക്ഷികളുമായി അടുത്തിടപഴകുന്നവര്‍ പ്രതിരോധ ഗുളിക കഴിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.