കൊല്ലം: നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ ലഭിച്ചുതുടങ്ങിയതോടെ ജില്ലയിലെ വിനോദ സഞ്ചാരമേഖല പതിയെ ഉണരുന്നു. തദ്ദേശസ്ഥാപന ടി.പി.ആർ അനുസരിച്ച് ഹോം സ്റ്റേ ഉൾപ്പെടെ താമസസൗകര്യങ്ങൾ തുറന്നുനൽകാമെന്ന നിർദേശമാണ് മേഖല ആശ്വാസകരമായി കാണുന്നത്. വാക്സിനെടുത്തവരോ 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റിവ് ഫലമുള്ളവരോ ആയിരിക്കണം അതിഥികൾ. കൂടാതെ, സ്ഥാപനങ്ങളിലെ ജീവനക്കാരും വാക്സിനെടുത്തിരിക്കണമെന്ന നിബന്ധനയുമുണ്ട്.
കടലും കായലും കുന്നുകളുമൊക്കെയായി വിനോദസഞ്ചാരത്തിെൻറ എല്ലാത്തരം സാധ്യതകളും പ്രയോജനപ്പെടുത്താവുന്ന ജില്ലയിൽ പക്ഷേ, അഞ്ച് ശതമാനംപോലും ഇപ്പോഴും ഇൗ ഇളവ് പ്രയോജനപ്പെടുത്താവുന്ന സ്ഥിതിയിലല്ല. നിയന്ത്രണങ്ങൾ ഏറ്റവും കുറവുള്ള 'എ' വിഭാഗത്തിലുള്ള, ജില്ലയിലെ മുൻനിര വിനോദസഞ്ചാര മേഖലയായ മൺറോതുരുത്ത് പഞ്ചായത്തിൽ മാത്രമാണ് നിലവിൽ ഇൗ ഇളവ് പ്രാവർത്തികമാകുന്നത്.
തുറക്കേണ്ട താമസം
ഇളവുകൾ പ്രഖ്യാപിക്കേണ്ട താമസം, മൺറോതുരുത്തിലെ റിസോർട്ടുകളെ തേടി നിരവധി വിളികളാണ് ഇതിനകം എത്തിയത്. കഴിഞ്ഞദിവസം പ്രവർത്തനം തുടങ്ങിയ റിസോർട്ടുകളിൽ അതിഥികളും എത്തിക്കഴിഞ്ഞു. ആഴ്ചയവസാനത്തിലേക്ക് നല്ലൊരു ഭാഗം മുറികളും ഇതിനകം ബുക്കിങ് ആയിട്ടുണ്ട്. എന്നാൽ, ഇവർക്ക് റിസോർട്ടിനുള്ളിലെ താമസവും വിനോദപരിപാടികളും മാത്രമാണ് ഉപയോഗപ്പെടുത്താനാകുക. ഇതുകാരണം വരുന്ന വിളികളിൽ മുക്കാൽഭാഗവും ബുക്കിങ് സ്ഥിരീകരിക്കാതെ പോകുന്നതായി റിസോർട്ട് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
മൺറോതുരുത്തിെൻറ ഏറ്റവും വലിയ ആകർഷണം കണ്ടൽക്കാടുകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് കായലിലൂടെ ചെറുവള്ളങ്ങളിൽ നടത്തുന്ന യാത്രയാണ്. നിലവിലെ ഇളവിലും ഇൗ സംവിധാനം പ്രയോജനപ്പെടുത്താൻ അനുമതിയില്ല. വള്ളങ്ങളിൽ പോകുന്ന ജീവനക്കാർ ഉൾപ്പെടെ വാക്സിനെടുത്ത് കഴിഞ്ഞിരിക്കെ വള്ളത്തിലുള്ള യാത്ര മാത്രം ഒഴിവാക്കുന്നത് യുക്തിയല്ലെന്ന് അവർ പറയുന്നു. റിസോർട്ടുകളിൽ താമസിക്കുന്നവർക്ക് അവിടെനിന്ന് തുടങ്ങി, അവിടെതന്നെ അവസാനിക്കുന്ന രീതിയിലാണ് കായൽയാത്ര സംഘടിപ്പിക്കുന്നത്. മറ്റ് സ്ഥലങ്ങളിലൊന്നും ഇറങ്ങുന്നില്ല. അക്കാര്യം കണക്കിലെടുത്ത് വള്ളത്തിലെ യാത്രക്ക് അനുമതി നൽകണെമന്ന് റിസോർട്ട് ഉടമകളും ജീവനക്കാരും ഒരുപോലെ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.