കൊല്ലം: പേ വിഷബാധയുണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനസിലാക്കി പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എസ്. അനു പറഞ്ഞു. പേ വിഷബാധയുടെ കാരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും ചികിത്സയും സംബന്ധിച്ച ബോധം ഉണ്ടായാലേ പ്രതിരോധം സാധ്യമാകുവെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
ശ്രദ്ധിക്കാം, പ്രതിരോധിക്കാം...
അണുബാധയുള്ള മൃഗങ്ങളുടെ ഉമിനീരില്‍ നിന്നാണ് രോഗം മനുഷ്യരിലേക്കെത്തുക. പ്രതിരോധമാണ് പേ വിഷബാധയ്ക്കെതിരെയുള്ള ഫലപ്രദമായ പരിഹാര മാര്‍ഗം. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയുണ്ടായാല് ഏല്ക്കുന്ന ഭാഗം 15 മിനിട്ടെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കല്‍, മൃഗങ്ങളുടെ കടി എന്നിവ ഉണ്ടായാല്‍ ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബുലിന്‍ കൂടി എടുക്കണം. ഇത് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തെരഞ്ഞെടുത്ത ജില്ല, ജനറല്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
കുറയാതെ തെരുവുനായ് ശല്യം
കൊല്ലം: പേ വിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുമ്പോഴും തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടിയെടുക്കാതെ തദ്ദേശവകുപ്പും ആരോഗ്യവകുപ്പും. കൊല്ലം നഗരത്തിലടക്കം ജില്ലയിലെമ്പാടും തെരുവ് നായ് ശല്യം വർധിക്കുകയാണ്.
റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും മാർക്കറ്റും തെരുവുനായ്ക്കകളുടെ വിഹാര കേന്ദ്രങ്ങളായി മാറി. കൊല്ലം റെയിൽവേ സ്റ്റേഷന്റെ ഇരുകവാടങ്ങളിലൂടെയും നായ്ക്കളെ ഭയന്നുവേണം സഞ്ചരിക്കാൻ. സന്ധ്യകഴിഞ്ഞാൽ ഇവയുടെ ശല്യം വർധിക്കും. ട്രെയിൻ കയറാൻ ധൃതിയിൽ ഓടിയെത്തുന്നവർ പ്ലാറ്റ്ഫോമിൽ കിടക്കുന്ന നായ്ക്കളെ കാണാതെ ചവിട്ടുകയും കടിയേൽക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടാകുന്നു. നഗരത്തിലെ തെരുവുകളിലും നായകളുടെ വിഹാരമാണ്.
രാത്രിയിൽ ഇരുചക്ര വാഹന യാത്രക്കാരായ നിരവധി പേരാണ് നായ്ക്കൾ കാരണം അപകടത്തിൽപെടുന്നത്. മാലിന്യനിക്ഷേപകേന്ദ്രങ്ങൾ പലഭാഗത്തും പെരുകിയതോടെ അവിടങ്ങൾ കേന്ദ്രീകരിച്ച് നായ്ക്കൾ പെരുകുന്നു. ക്രൂരസ്വഭാവത്തിലുള്ള വർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.