പേ വിഷബാധക്കെതിരെ ജാഗ്രത
text_fieldsകൊല്ലം: പേ വിഷബാധയുണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനസിലാക്കി പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എസ്. അനു പറഞ്ഞു. പേ വിഷബാധയുടെ കാരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും ചികിത്സയും സംബന്ധിച്ച ബോധം ഉണ്ടായാലേ പ്രതിരോധം സാധ്യമാകുവെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
ശ്രദ്ധിക്കാം, പ്രതിരോധിക്കാം...
അണുബാധയുള്ള മൃഗങ്ങളുടെ ഉമിനീരില്‍ നിന്നാണ് രോഗം മനുഷ്യരിലേക്കെത്തുക. പ്രതിരോധമാണ് പേ വിഷബാധയ്ക്കെതിരെയുള്ള ഫലപ്രദമായ പരിഹാര മാര്‍ഗം. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയുണ്ടായാല് ഏല്ക്കുന്ന ഭാഗം 15 മിനിട്ടെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കല്‍, മൃഗങ്ങളുടെ കടി എന്നിവ ഉണ്ടായാല്‍ ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബുലിന്‍ കൂടി എടുക്കണം. ഇത് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തെരഞ്ഞെടുത്ത ജില്ല, ജനറല്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
- മൃഗങ്ങളുമായി നിരന്തരം ഇടപെടുന്ന വ്യക്തിയാണെങ്കില്‍ മുന്‍കൂട്ടി വാക്സിന് എടുക്കണം.
- കുട്ടികള്‍ മൃഗങ്ങളോട് കളിക്കുമ്പോഴും അവരെ ഓമനിക്കുമ്പോഴും ശ്രദ്ധ പുലര്‍ത്താന്‍ ശീലിപ്പിക്കണം. കടിയോ മാന്തോ കിട്ടിയാല്‍ മാതാപിതാക്കളെ യഥാസമയം അറിയിക്കാനും നിർദേശിക്കണം.
- വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം കുത്തിവെപ്പ് എടുക്കുകയും മൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യണം.
- മൃഗങ്ങളെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് പരിഹാരമല്ല. പേ വിഷബാധക്കെതിരേയുള്ള വാക്സിന് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ജില്ല, ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തെരഞ്ഞെടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കും
കുറയാതെ തെരുവുനായ് ശല്യം
കൊല്ലം: പേ വിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുമ്പോഴും തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടിയെടുക്കാതെ തദ്ദേശവകുപ്പും ആരോഗ്യവകുപ്പും. കൊല്ലം നഗരത്തിലടക്കം ജില്ലയിലെമ്പാടും തെരുവ് നായ് ശല്യം വർധിക്കുകയാണ്.
റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും മാർക്കറ്റും തെരുവുനായ്ക്കകളുടെ വിഹാര കേന്ദ്രങ്ങളായി മാറി. കൊല്ലം റെയിൽവേ സ്റ്റേഷന്റെ ഇരുകവാടങ്ങളിലൂടെയും നായ്ക്കളെ ഭയന്നുവേണം സഞ്ചരിക്കാൻ. സന്ധ്യകഴിഞ്ഞാൽ ഇവയുടെ ശല്യം വർധിക്കും. ട്രെയിൻ കയറാൻ ധൃതിയിൽ ഓടിയെത്തുന്നവർ പ്ലാറ്റ്ഫോമിൽ കിടക്കുന്ന നായ്ക്കളെ കാണാതെ ചവിട്ടുകയും കടിയേൽക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടാകുന്നു. നഗരത്തിലെ തെരുവുകളിലും നായകളുടെ വിഹാരമാണ്.
രാത്രിയിൽ ഇരുചക്ര വാഹന യാത്രക്കാരായ നിരവധി പേരാണ് നായ്ക്കൾ കാരണം അപകടത്തിൽപെടുന്നത്. മാലിന്യനിക്ഷേപകേന്ദ്രങ്ങൾ പലഭാഗത്തും പെരുകിയതോടെ അവിടങ്ങൾ കേന്ദ്രീകരിച്ച് നായ്ക്കൾ പെരുകുന്നു. ക്രൂരസ്വഭാവത്തിലുള്ള വർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.