ചവറ: തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് നാലുപേർക്ക് പരിക്ക്. തെരെഞ്ഞടുപ്പ് ജോലി കഴിഞ്ഞ് കരുനാഗപ്പള്ളിയിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ എതിർദിശയിൽനിന്ന് വന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ആറരയോടെ ചവറ ബസ് സ്റ്റാൻഡിന് തെക്കുവശത്തായിരുന്നു അപകടം. കരുനാഗപ്പള്ളി റിട്ടേണിങ് ഓഫിസർ എം.ജെ. പ്രമീളയുടെ പ്രധാന സഹായിയും ഇലക്ഷൻ ക്ലർക്കുമായ തങ്കശ്ശേരി സ്വദേശി ജോയ്മോൻ (48), സ്ട്രോങ് റൂം റിസീവിങ് കൗണ്ടർ സൂപ്പർവൈസർ ആയിരുന്ന ഭാര്യ ഷീബ സെബാസ്റ്റ്യൻ, ഐ.ടി സംബന്ധമായ ജോലികളും പ്രധാന റിപ്പോർട്ടുകൾ തയാറാക്കുന്ന ജോലയും നിർവഹിച്ചിരുന്ന ഇരവിപുരം സ്വദേശി സുബിൻ (38), കലക്ടർക്ക് റിപ്പോർട്ട് തയാറാക്കി അയക്കുന്ന ജോലി നിർവഹിച്ച വാളത്തുങ്കൽ സ്വദേശി എ.ജി. പ്രവീൺ (36) എന്നിവരാണ് അപകടത്തിൽപെട്ടത്.
കരുനാഗപ്പള്ളി ലോർഡ്സ് പബ്ലിക് സ്കൂളിൽ വരണാധികാരിയോടൊപ്പമായിരുന്നു എല്ലാവർക്കും ഡ്യൂട്ടി. തെരെഞ്ഞടുപ്പ് ചുമതലകൾ പുലർച്ച മൂന്നിന് പൂർത്തിയാക്കി ആറിനാണ് സ്കൂളിൽനിന്ന് ഇവർ കൊല്ലത്തേക്ക് യാത്രതിരിച്ചത്. കാർ ഓടിച്ചിരുന്ന സുബിൻ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. കാർ ഭാഗികമായി തകർന്നു. ചവറ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സാരമായി പരിക്കുപറ്റിയ സുബിൻ, പ്രവീൺ എന്നിവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോയിമോനെയും ഭാര്യയെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.