കൊല്ലം: ലോക്ഡൗൺ ഇളവുകൾക്ക് പിറകെ നിയന്ത്രണങ്ങൾ കൂടുതൽ അയഞ്ഞതോടെ കോവിഡ് വ്യാപനം വീണ്ടും പിടിവിടുന്നു. കോർപറേഷൻ പ്രദേശത്തും പഞ്ചായത്ത് പ്രദേശത്തും കോവിഡ് ബാധിതർ വർധിക്കുകയാണ്. ജില്ലയിലെ 20ലേറെ പഞ്ചായത്തുകളിൽ കോവിഡ് പ്രതിദിന നിരക്ക് പത്തിലേറെയാണ്. ഇതിൽ പല പഞ്ചായത്തുകളിലും ആഴ്ചകൾക്കുശേഷം 20ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജില്ലയിലെ കോവിഡ് വ്യാപനം 600 കവിഞ്ഞു. ഇടക്ക് 300ൽ താഴെയെത്തിയിരുന്നതാണിത്. പോസിറ്റിവിറ്റി നിരക്കും സംസ്ഥാന ശരാശരിെയക്കാൾ താഴെയായിരുന്നു.
പരിശോധനകൾക്ക് ആളുകൾ മടിക്കുന്ന സ്ഥിതിവിശേഷം വ്യാപനത്തിന് ആക്കം കൂട്ടുന്നുണ്ട്. കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ ആവശ്യത്തിന് കിടക്കകളുള്ളതും രോഗമുക്തി നിരക്ക് ഉയരുന്നതുമാണ് ആശ്വാസം. മരണിരക്കിലും കുറവുണ്ട്. ന്യൂഇയർ കഴിയുന്നതോടെ കോവിഡ് വ്യാപനത്തിൽ വർധനയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് കണക്കുകൂട്ടിയിരുന്നു. കോവിഡ് ബാധിതരിൽ പകുതിയും വീടുകളിൽ തന്നെ ചികിത്സയിലുള്ളവരാണ്.
പഞ്ചായത്ത് പ്രദേശത്തെ കോവിഡ് വ്യാപനം പുതിയ ഭരണസമിതികൾക്കും തലവേദനയാണ്. മൺറോതുരുത്ത് പോലെ പ്രത്യേക ഭൂപരിസ്ഥിതിയുള്ള പഞ്ചായത്തിൽ രോഗബാധിതർ കൂടുന്നത് ആശങ്കയുയർത്തുന്നുണ്ട്. ആളുകൾ സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും ഉൾപ്പെടെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നു. പരിശോധനകൾ കർശനമാക്കാൻ പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനകളും കുറഞ്ഞു. വാക്സിൻ വന്നതോടെ കോവിഡിനെ നിസ്സാരവത്കരിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.