കിളികൊല്ലൂർ: കിളികൊല്ലൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള ഇടറോഡ് അടച്ചതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിൽ. പൊലീസ് സ്റ്റേഷന് മുന്നിൽനിന്ന് ബൈപാസിലേക്ക് പ്രവേശിക്കുന്ന ഇടറോഡാണ് അപ്രതീക്ഷിതമായി പൊലീസ് ഇരുഭാഗവും അടച്ചത്.
ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും പ്രധാനമായും ബൈപാസിൽനിന്ന് മങ്ങാട് ഭാഗത്തേക്കും മൂന്നാംകുറ്റി ഭാഗത്തേക്കും കടന്നുപോകുന്ന പ്രധാന റോഡാണിത്. മുന്നറിയിപ്പില്ലാതെ റോഡ് അടച്ചതിനാൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്. 20 മീറ്ററോളം ദൂരമുള്ള ഈ റോഡ്കാൽനട യാത്രക്കാർക്ക് ഇരുചക്രവാഹന യാത്രക്കാർക്കും ഏറെ ഗുണകരമായിരുന്നു. രണ്ടുദിവസം മുമ്പാണ് റോഡിന്റെ ഇരുവശവും വാഹനങ്ങൾ കടന്നുപോകാത്ത വിധം പൊലീസ് അടച്ചത്.
അതേസമയം, പൊലീസിന് വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് റോഡ് അടച്ചതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പ്രതിഷേധമുയർന്നതിനെ തുടർന്ന് പൊലീസ് സ്റ്റേഷൻ ഭാഗത്തെ റോഡ് അടച്ചത് ഇളക്കിമാറ്റി. എന്നാൽ, ബൈപാസ് ഭാഗം അടച്ചത് നിലനിർത്തിയിരിക്കുകയാണ്.
കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ ഇപ്പോൾ കല്ലുംതാഴത്തെത്തിയാണ് മങ്ങാട് ഭാഗത്തേക്കും മൂന്നാംകുറ്റി ഭാഗത്തേക്കും പോകുന്നത്. ഇത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ബൈപാസ് നിർമാണം നടക്കുന്നതിനാൽ ഗതാഗതകുരുക്ക് കല്ലുംതാഴം പ്രദേശത്ത് രൂക്ഷമാണ്. ഈ സ്ഥിതിയിൽ ചെറിയ വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ കഴിയുന്ന റോഡ് അടച്ചതിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.