കൊല്ലം: പമ്പുകളിൽ പോയി പെട്രോളും ഡീസലും അടിക്കുമ്പോൾ കൃത്യം അളവ് തന്നെയാണോ ഇന്ധന ടാങ്കിൽ എത്തുന്നത് എന്ന് സംശയമുണ്ടോ? എന്നാൽ, കൊല്ലത്ത് അക്കാര്യത്തിൽ തൽക്കാലം പേടി വേണ്ട, എല്ലാം ക്ലിയറാണ് എന്ന് ഉപഭോക്താക്കൾക്ക് ഉറപ്പുതരികയാണ് ലീഗൽ മെട്രോളജി വകുപ്പ്.
പമ്പുകളിൽ ലഭിക്കുന്ന ഇന്ധനത്തിന്റെ അളവ് കൃത്യമാണോ എന്ന കാര്യത്തിൽ വ്യാപകമായി ആക്ഷേപമുയർന്ന സാഹചര്യത്തിൽ നടത്തിയ സ്പെഷൽ സ്ക്വാഡ് പരിശോധനയെ തുടർന്നാണ് ഇക്കാര്യത്തിൽ ഉറപ്പ് പറയുന്നത്. ജില്ലയിൽ എല്ലാ താലൂക്കുകളിലും നടത്തിയ പരിശോധനയിൽ ഒരിടത്തും അളവിൽ കൃത്രിമം കണ്ടെത്തിയില്ല. എന്നുമാത്രമല്ല, നിയമാനുസൃതമായി ഇളവുള്ള അളവ് പോലും കുറഞ്ഞിട്ടില്ല.
ജില്ലയിലെ ആറ് താലൂക്കുകളിൽ ആയി 30 പമ്പുകളിൽ ആണ് ഇക്കഴിഞ്ഞ ആഴ്ചയിൽ സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തിയത്. അഞ്ച് ജില്ലകളിൽ നിന്നുള്ള ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ ഭാഗമായ വൻ തോതിലുള്ള മിന്നൽ പരിശോധനയാണ് നടന്നത്. ഓരോ താലൂക്കിലും രണ്ട് സ്ക്വാഡ് വീതം ഒറ്റ ദിവസത്തിലായിരുന്നു പരിശോധന. 30 പമ്പുകളിലായി ആകെ 273 യൂനിറ്റുകൾ(പമ്പിങ് നോസിലുകൾ) വിവിധ സംഘങ്ങൾ പരിശോധിച്ചു. ഇന്ധന അളവിൽ ഒരു ലിറ്ററിന് അഞ്ച് മില്ലിലിറ്റർ വരെ കുറവുവരുന്നത് നിയമാനുസൃതമായി അനുവദനീയമാണ്. ഈ അളവിന് മുകളിൽ കുറവ് ജില്ലയിൽ പരിശോധിച്ച ഒരു യൂനിറ്റിലും കണ്ടെത്തിയില്ല. പരിശോധന സംഘം 10 ലിറ്റർ അളവുപാത്രം ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. 10 ലിറ്റർ പരിശോധിക്കുമ്പോൾ 50 മില്ലിലിറ്റർ വരെ പരമാവധി കുറവ് വരുന്നത് അനുവദനീയമാണ്. എന്നാൽ, 10 മില്ലി ലിറ്റർ പോലും പലയിടത്തും കുറവ് കാണിച്ചില്ല. ഒരു യൂനിറ്റിൽ നിന്ന് മൂന്ന് തവണയാണ് ഇന്ധനം അളവ് പാത്രത്തിൽ എടുത്ത് പരിശോധിക്കുന്നത്. ഈ മൂന്ന് തവണയും അളവ് കൃത്യമാകുമ്പോഴാണ് കൃത്രിമത്വം ഇല്ല എന്ന് വ്യക്തമാകുന്നത്.
ഇത്തരത്തിൽ കർശനമായി നടത്തിയ പരിശോധനയിൽ കൃത്രിമം കണ്ടെത്തിയിട്ടില്ല എന്നത് ആശങ്കകൾ അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്നതായി ലീഗൽ മെട്രോളജി അധികൃതർ പറയുന്നു.
അതേസമയം, ഉപഭോക്താക്കൾക്ക് ഇന്ധനം അളന്ന് ബോധ്യപ്പെടുന്നതിന് ഉപയോഗിക്കുന്ന അഞ്ച് ലിറ്ററിന്റെ അളവ് പാത്രം അഞ്ച് പമ്പുകളിൽ ലീഗൽ മെട്രോളജിയുടെ മുദ്രണം ചെയ്തിട്ടില്ല എന്ന് കണ്ടെത്തിയതിൽ നടപടി സ്വീകരിച്ചു. എല്ലാ ദിവസവും ഈ പാത്രം ഉപയോഗിച്ച് ഇന്ധനഅളവ് കുറയുന്നുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം വിതരണം ആരംഭിക്കണം എന്നാണ് നിബന്ധന.
രണ്ട് വർഷം കൂടുമ്പോൾ മുദ്രണം ചെയ്യേണ്ടതിന്റെ തിയതി പിന്നിട്ടിട്ടും ചെയ്യാത്തതാണ് നടപടിക്ക് കാരണമാക്കിയത്. സമാനരീതിയിൽ രണ്ട് മാസം മുമ്പ് തിരുവനന്തപുരം ജില്ലയിൽ 20 പമ്പുകളിൽ പരിശോധന നടത്തിയതിൽ രണ്ട് യൂനിറ്റുകളിൽ അനുവദനീയ അളവിന് മുകളിൽ കുറവ് വരുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരം പരിശോധനകൾ ഭാവിയിലും കർശനമായി തുടരുമെന്ന് ലീഗൽ മെട്രോളജി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.