ഇരവിപുരം: അധ്യാപനവും ചിത്രരചനയും ഒരുപോലെ ഹൃദയത്തോട് ചേർക്കുകയാണ് സീന. കൂട്ടിക്കട കണിചേരി എൽ.പി.എസിലെ അധ്യാപികയായ സീന മ്യൂറൽ പെയിന്റിങ്ങിൽ നിരവധി ചിത്രങ്ങളാണ് വരച്ചുകൂട്ടിയത്. ആ ചിത്രങ്ങൾക്ക് ഇപ്പോൾ മറുനാട്ടിൽനിന്നും ആവശ്യക്കാരെത്തുകയാണ്.വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ടതാണ് ചുവർ ചിത്രരചനയെന്ന് ഇവർ പറയുന്നു.
ചെങ്കല്ല്, ഇലച്ചാറ് തുടങ്ങിയവയാണ് കളറിനായി ഉപയോഗിച്ചിരുന്നത്. കായംകുളത്തുള്ള ചിത്രമാലയിൽനിന്നാണ് ചുവർചിത്രരചന പഠിച്ചത്. കുട്ടിക്കാലം മുതൽ ചിത്രരചനയിലും കരകൗശല നിർമാണത്തിലുമുള്ള താൽപര്യമാണ് ചുവർ ചിത്രകലാരംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്. മലയാളം എം.എ ബിരുദധാരിയായ സീന 28 വർഷമായി അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നുണ്ട്.
കടയ്ക്കൽ, നെടുമൺകാവ്, പട്ടത്താനം, ഭരണിക്കാവ് എന്നിവിടങ്ങളിലെ സ്കൂളുകളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിൽനിന്ന് വീട്ടിലെത്തിയാൽ ലഭിക്കുന്ന സമയത്താണ് ചുവർചിത്രരചന നടത്തുന്നത്. ഒപ്പം മാക്രേം എന്ന കയർ കൊണ്ടുള്ള നെറ്റുകളും നിർമിക്കുന്നുണ്ട്. വീടിനകത്ത് ചെടിച്ചട്ടികൾ വെക്കുന്നതിനും മറ്റുമാണ് ഇത് ഉപയോഗിക്കുന്നത്. യു.കെയിലേക്ക് ഒരുചുവർ ചിത്രം കൊടുത്തുവിട്ട ശേഷം നിരവധി ഓർഡറുകളാണ് ലഭിക്കുന്നത്.
കൂട്ടിക്കട കണിചേരൽ വീട്ടിൽ ഇവർ വരച്ചതും വരച്ചുകൊണ്ടിരിക്കുന്നതുമായ ചുവർ ചിത്രങ്ങളുടെ ശേഖരം തന്നെയുണ്ട്. ഭർത്താവ് മനു ദിവാകരന്റെയും മക്കളായ ഡോ. മിലന്റെയും യു.കെയിൽ ജോലിനോക്കുന്ന സൗരവിന്റെയും പൂർണ പിന്തുണയും ഇവർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.