ഇരവിപുരം: കടലിൽ കാണാതായ മത്സ്യതൊഴിലാളിക്കുവേണ്ടി ഒരു മാസത്തിലധികമായി കുടുംബം കണ്ണീരോടെ കാത്തിരിക്കുമ്പോൾ, എന്താണെന്ന് തിരക്കാൻ പോലും എത്താതെ അധികൃതർ. തെരച്ചിൽ നടത്തുന്നതിനോ, അന്വേഷണം നടത്തുന്നതിനോ അധികൃതർ തയാറാകുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇരവിപുരം തെക്കുംഭാഗം പുത്തനഴികം തോപ്പിൽ റോബിൻസനെ (47) ആണ് കഴിഞ്ഞ ആഗസ്റ്റ് 22ന് രാത്രിയിൽ കർണാടകയിൽ ബോട്ടിൽ നിന്ന് കടലിൽ വീണ് കാണാതായത്. 23ന് പുലർച്ചെയാണ് കാണാതായ വിവരം ബോട്ടിൽ ഒപ്പമുണ്ടായിരുന്നവർ അറിയുന്നത്.
കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താൻ സർക്കാർ യാതൊന്നും ചെയ്യാത്തത് അനീതിയാണെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നത്.
നാട്ടിൽ ഫൈബർ കട്ട മരത്തിലും വള്ളത്തിലുമായി മത്സ്യബന്ധനത്തിന് പോയിരുന്ന റോബിൻസൻ ആഗസ്റ്റ് 18നാണ് തേങ്ങാപ്പട്ടണം സ്വദേശിയുടെ ബോട്ടിൽ ഒരു മാസത്തെ ജോലിക്കായി പോയത്. ഒപ്പമുണ്ടായിരുന്നവർ 23ന് പുലർച്ചെ ചായ കുടിക്കാനായി എഴുന്നേറ്റപ്പോഴാണ് റോബിൻസനെ കാണാതായ വിവരം അറിഞ്ഞത്.
കർണാടകയിൽ കടലിൽ 400 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. സംഭവം അറിഞ്ഞയുടൻ ഭാര്യ ലിജിയും മാതാവ് ജവർലിയും കുളച്ചൽ പൊലീസിലും ഇരവിപുരം പൊലീസിലും പരാതി നൽകിയിരുന്നു. കർണാടക പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞതല്ലാതെ കുളച്ചൽ പൊലീസ് നടപടി സ്വീകരിച്ചില്ല.
മത്സ്യതൊഴിലാളികളോടുള്ള കോസ്റ്റൽ പൊലീസിന്റെയും, ഫിഷറീസ് അധികൃതരുടെയും അവഗണനയിൽ പ്രതിഷേധിച്ച് തീരദേശവാസികൾ നടത്തിയ കലക്ട്രേറ്റ് മാർച്ചിനെ തുടർന്ന് കലക്ടറെ കണ്ട് റോബിൻസനെ കാണാതായ വിവരം ശ്രദ്ധയിൽപ്പെടുത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. അധികൃതർ റോബിൻസന്റെ വീട് സന്ദർശിക്കുമെന്ന് കലക്ടർ പറഞ്ഞിരുന്നെങ്കിലും ആരും വീട് സന്ദർശിക്കാനെത്തിയില്ല. ഒരു ജനപ്രതിനിധി പോലും ഇതുവരെയും തിരിഞ്ഞു നോക്കിയിട്ടില്ല.
വൃദ്ധയായ മാതാവ് ജവർലിയും ഭാര്യ ലിജിക്കും വിദ്യാർഥികളായ രണ്ടു മക്കൾക്കും തിരച്ചിൽ നടത്താൻ സർക്കാർ ഇടപെടണമെന്ന ആവശ്യം മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.